ബെംഗളൂരു: എക്സിറ്റ് പോളിൽ തനിക്ക് വിശ്വാസമില്ലെന്നും കോൺഗ്രസ് കർണാടകയിൽ രണ്ടക്ക സീറ്റ് നേടുമെന്നും പ്രതികരിച്ച് പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെ വിളിച്ചുചേര്ത്ത സൂം മീറ്റിങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം.'136 സീറ്റുകളില് ജയിക്കുമെന്നായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില് താന് പറഞ്ഞത്. അത് യാഥാര്ഥ്യമായി. കോണ്ഗ്രസ് ആഭ്യന്തര സര്വ്വെ നടത്തിയിട്ടുണ്ട്. രണ്ടക്ക സഖ്യയിലുള്ള സീറ്റുകള് ഇത്തവണ നേടും. ആര്എസ്എസിന്റെ ശക്തികേന്ദ്രമായ ധാര്വാഡിലും ദക്ഷിണ കന്നഡയിലുമടക്കം കോണ്ഗ്രസ് ജയിക്കുമെന്നാണ് പ്രവര്ത്തകര് നല്കുന്ന റിപ്പോര്ട്ടുകളെന്നും' അദ്ദേഹം പറഞ്ഞു.
അതെ സമയം കര്ണാടകയില് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോള് ഫലങ്ങളും പ്രവചിക്കുന്നത്. എന്ഡിഎ 20 സീറ്റുകള് നേടുമെന്ന് ടിവി ഭാരത് വര്ഷ് പോള്സ്ട്രാറ്റ് പറയുമ്പോള്, കോണ്ഗ്രസ് എട്ട് സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എന്ഡിഎക്ക് 23 മുതൽ 25 സീറ്റ് വരെയും കോണ്ഗ്രസിന് 2 മുതൽ 5 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ഇന്ത്യ ടിവി സിഎന്എക്സ് എന്ഡിഎക്ക് 19 മുതൽ 25 സീറ്റ് വരെയും കോണ്ഗ്രസ് 4 മുതൽ 8 വരെയും പ്രവചിച്ചപ്പോൾ റിപ്പബ്ലിക് പി മാർക്ക് എൻഡിഎക്ക് 22 സീറ്റും കോൺഗ്രസിന് 6 സീറ്റും പ്രവചിച്ചു. ജന്കി ബാത്ത് കർണാടകയിൽ എൻഡിഎക്ക് 21 മുതൽ 23 സീറ്റ് വരെയും കോണ്ഗ്രസിന് 5 മുതൽ 7 വരെയുമാണ് സീറ്റ് പ്രവചിച്ചത്. എബിപി സി വോട്ടർ എൻഡിഎക്ക് 23 മുതൽ 25 വരെയും കോൺഗ്രസിന് 3 മുതൽ 5 വരെയും ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ് എന്ഡിഎക്ക് 23 സീറ്റും കോൺഗ്രസിന് 5 സീറ്റും പ്രവചിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 ൽ 26 സീറ്റും നേടിയത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയായിരുന്നു.
ഇത് വിശ്വസിക്കാൻ കഴിയാത്ത എക്സിറ്റ് പോൾ, ജനങ്ങളുടെ പോളിങ്ങിലാണ് വിശ്വസിക്കുന്നത്: കെ സി വേണുഗോപാൽ