ഹൈദരാബാദ്: തെലങ്കാനയില് ആകെയുള്ള 17 ലോക്സഭ സീറ്റുകളില് കുറഞ്ഞത് 10 സീറ്റുകളിലെങ്കിലും കോണ്ഗ്രസ് വിജയിക്കുമെന്ന് മുഖ്യമന്ത്രിയും സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷനുമായ എ രേവന്ത് റെഡ്ഡി. കേന്ദ്രത്തില് ഇന്ഡ്യ മുന്നണി സര്ക്കാര് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില് ബിജെപി തന്നെ അവകാശപ്പെട്ടത് നാലോ അഞ്ചോ സീറ്റുകള് നേടുമെന്നാണ്. ബിആര്എസ് ഒരു സീറ്റില് കൂടുതല് കിട്ടില്ല. എഐഎംഐഎം ഹൈദരാബാദ് മണ്ഡലം നിലനിര്ത്തിയേക്കാം. ബാക്കി സീറ്റുകള്, കുറഞ്ഞത് 10 സീറ്റുകള് കോണ്ഗ്രസിന് ലഭിക്കുമെന്നാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.
തമിഴ്നാടും കേരളവും അടക്കമുള്ള തെക്കേ ഇന്ത്യന് സംസ്ഥാനങ്ങളില് ഇന്ഡ്യ മുന്നണി വലിയ വിജയം നേടും. കേന്ദ്രത്തില് മുന്നണി വലിയ വിജയം നേടും. രാഹുല് ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്യും. ബിജെപിക്ക് 240 സീറ്റുകളില് കൂടുതല് ലഭിക്കില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപി നയിക്കുന്ന എന്ഡിഎ സര്ക്കാര് കഴിഞ്ഞ 10 വര്ഷത്തില് സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. ഇന്ഡ്യ മുന്നണി കേന്ദ്ര സര്ക്കാര് രൂപീകരിക്കുമ്പോള് സുപ്രധാനമായ കേന്ദ്രമന്ത്രി സ്ഥാനങ്ങള് തെലങ്കാനയ്ക്ക് ലഭിക്കാന് ശ്രമിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
രാജ്യത്ത് വീണ്ടും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവേ പ്രവചിച്ചത്. കേവല ഭൂരിപക്ഷവും കടന്ന് 361 മുതൽ 401 സീറ്റുകളാണ് എൻഡിഎ സഖ്യത്തിന് സർവേയിൽ പ്രവചിച്ചിരിക്കുന്നത്. ഇൻഡ്യാ മുന്നണി 131 മുതൽ 166 സീറ്റുകൾ നേടുമെന്നും പറയുന്നു.
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തന്നെയെന്നാണ് സർവേയിൽ പറയുന്നത്. യുപിയിൽ ബിജെപി 64 മുതൽ 67 സീറ്റുകൾ വരെ നേടും. ആന്ധ്രയിൽ ടിഡിപിയുടെയും ജനസേനയുടെയും ഒപ്പമുള്ള സഖ്യം 21 മുതൽ 23 വരെ സീറ്റുകൾ വരെ എൻഡിഎയ്ക്ക് നേടിക്കൊടുക്കും. നവീൻ പട്നായികിന്റെ ഒഡീഷയിൽ 18 മുതൽ 20 സീറ്റ് വരെ നേടും. പശ്ചിമ ബംഗാളിൽ തൃണമൂലിനെ കടത്തിവെട്ടി 26 മുതൽ 31 സീറ്റ് നേടും എന്നിവയാണ് പ്രധാനപ്പെട്ട പ്രവചനങ്ങൾ.
എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതാണ് ഇന്നലെ പുറത്തിറങ്ങിയ വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം പ്രവചിക്കുന്നതാണ് പോള് ഓഫ് പോള്സ് എക്സിറ്റ് പോള്. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യാ മുന്നണിക്ക് 148 സീറ്റും എക്സിറ്റ് പോള് പ്രവചിക്കുന്നു. മറ്റു കക്ഷികള് 37 സീറ്റില് വരെ വിജയിക്കുമെന്നാണ് പോള് ഓഫ് പോള്സ് പ്രവചനം.
എന്ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്ഡിഎക്ക് മുന്തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353-368), ഡൈനിക് ഭാസ്കര് (281-350), ന്യൂസ് നാഷണ് (342-378), ജന് കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.