ലഖ്നൗ: ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്നതിനിടെ മരണസംഖ്യ ഉയരുന്നു. ഏഴാം ഘട്ട വോട്ടിങ്ങിനിടെ ഉത്തർപ്രദേശിൽ മാത്രം അത്യുഷ്ണത്തിൽ മരിച്ചത് 33 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ്. യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ പുറത്തുവിട്ട കണക്കുകളാണിത്. മരിച്ചവരിൽ സുരക്ഷാ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ഉൾപ്പെടും.
ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സികന്ദർപൂർ ബൂത്തിൽ ഒരു വോട്ടറും കടുത്ത ചൂടിൽ മരിച്ചു. റാം ബദാൻ ചൗഹാനാണ് വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിൽ ജില്ലാ മജിസ്ട്രേറ്റ് റിപ്പോർട്ട് തേടി. മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ജില്ലാ അഡ്മിനിസ്ട്രേഷൻ സമർപ്പിക്കും.
ലക്നൌവിൽ ഇലക്ടറൽ വോട്ടിങ് മെഷീന് കാവൽ നിന്ന് പൊലീസ് കോൺസ്റ്റബിളും മരിച്ചു. എല്ലാ പോളിങ് ബൂത്തിലും കൂളറുകളും മറ്റ് സൗകര്യങ്ങളുമുണ്ടായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ പ്രതികരിച്ചു.
ഉത്തർപ്രദേശിൽ 13 ലോക്സഭാ മണ്ഡലങ്ങളിലാണ് ഏഴാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 1,08,349 പേരെയാണ് തിരഞ്ഞെടുപ്പ് ജോലിക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏഴാം ഘട്ടത്തിൽ നിയോഗിച്ചിരുന്നത്.