ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമ; മദ്രാസ് ഹൈക്കോടതി

മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017-ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്

dot image

മധുര: സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതിയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ കൈക്കൂലി വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തേണ്ടത് ഭാര്യയുടെ കടമയാണ്. കൈക്കൂലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ജീവിതത്തിൻ്റെ അടിസ്ഥാന തത്വമെന്നും കോടതി വ്യക്തമാക്കി. മുൻ സബ് ഇൻസ്പെക്ടറായിരുന്ന ശക്തിവേലിനെതിരെ 2017-ലാണ് അഴിമതിക്കേസ് രജിസ്റ്റർ ചെയ്തത്.

വിചാരണക്കിടെ ശക്തിവേൽ മരണപ്പെട്ടു. ഇതോടെ ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് പരിഗണിച്ച തിരുച്ചിയിലെ അഴിമതി നിരോധന പ്രത്യേക കോടതി ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ദേവനായകി ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും ഗൃഹനാഥമാർ അഴിമതിയിൽ പങ്കാളികളായാൽ വിഷയത്തിന് അന്ത്യമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.

'അനധികൃതമായി സമ്പാദിച്ച പണം ആസ്വദിച്ചാൽ അവർ അനുഭവിക്കണം. ഈ രാജ്യത്ത് അഴിമതി സങ്കൽപ്പിക്കാനാവാത്തവിധം വ്യാപിച്ചിരിക്കുന്നു. അഴിമതി ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. ദേവനായകി ശിക്ഷ അനുഭവിക്കണം", കോടതി പറഞ്ഞു. 6.77 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചതിന് തിരുച്ചി ഡിവിഎസി പൊലീസ് ശക്തിവേലിനും ഭാര്യയ്ക്കും എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

dot image
To advertise here,contact us
dot image