ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ആകാശ എയർ വിമാനം അടിയന്തരമായി ലാന്ഡ് ചെയ്തു. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയർ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. രാവിലെ 10.13 ഓടെയാണ് സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും വിമാനം പരിശോധിച്ചു വരികയാണ്. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാ യാത്രക്കാരെയും വിമാനത്താവളത്തിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. എല്ലാ സുരക്ഷ മാർഗ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് പരിശോധന നടക്കുന്നതെന്ന് ആകാശ് എയറിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സമാന സംഭവം കഴിഞ്ഞ ദിവസം മുംബൈയിൽ ഉണ്ടായിരുന്നു. പാരീസിൽ നിന്ന് 306 പേരുമായി മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് മുംബൈയിലെത്തുന്നതിന് മുമ്പ് വിമാനം അടിയന്തരമായി ഇറക്കിയിരുന്നു.
ജൂൺ ഒന്ന് ശനിയാഴ്ച വാരണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിക്കിയ ശേഷം എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തിൽ നിന്നും ഒഴിപ്പിച്ചിരുന്നു. വാരണാസിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിന് ബോംബ് ഭീഷണിയുണ്ടെന്നായിരുന്നു എയർലൈൻ പറഞ്ഞത്.
മെയ് 28-നും ബോംബ് ഭീഷണി ഇൻഡിഗോയ്ക്ക് നേരെയായിരുന്നു. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൻ്റെ ശുചിമുറിയിൽ നിന്ന് ബോംബ് എന്ന് എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തിയിരുന്നു. പരിശോധനയില് അത് വ്യാജമാണെന്ന് തെളിഞ്ഞു.