'ബിഹാര് സോഷ്യലിസ'ത്തെ ഹിന്ദുത്വ വിഴുങ്ങുമോ 2024ല്?

ജാതി സെൻസസ് ഉയർത്തുന്ന വോട്ടു രാഷ്ട്രീയം പുകഞ്ഞുനിൽക്കുന്ന ബിഹാറിൽ ഇത്തവണയും എൻഡിഎയ്ക്ക് തന്നെയാകും മുൻതൂക്കമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ

dot image

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച ബിഹാറിന് ഇത്തവണ പ്രത്യേകതകളേറെയാണ്. 'പാൽതു റാം' എന്ന് രാഷ്ട്രീയ പ്രതിയോഗികളും നിരീക്ഷകരും വിളിച്ചുപോരുന്ന നിതീഷ് കുമാർ പല തവണ പയറ്റിയ തന്ത്രം വീണ്ടും പയറ്റിയതോടെ ബിഹാർ രാഷ്ട്രീയം കലുഷിതമായത്. 'ജാതി സെൻസസ്' ഉയർത്തുന്ന വോട്ടു രാഷ്ട്രീയം പുകഞ്ഞുനിൽക്കുന്ന ബിഹാറിൽ ഇത്തവണയും എൻഡിഎയ്ക്ക് തന്നെയാകും മുൻതൂക്കമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ

ബിഹാറും മഹാസഖ്യവും പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിലായിരുന്നു നിതീഷ് കുമാറിന്റെ എൻഡിഎ പ്രവേശനം. 2022ൽ എൻഡിഎയിൽ നിന്നും മഹാസഖ്യത്തിലെത്തുമ്പോൾ നിതീഷിൻ്റെ ലക്ഷ്യം ദേശീയ രാഷ്ട്രീയമായിരുന്നു എന്നത് സുവ്യക്തമായിരുന്നു. 2014ലേതുപോലെ ആർജെഡിയുമായി ഒരുമിച്ച് നിതീഷ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തകർത്തുകൊണ്ടാണ് വീണ്ടും നിതീഷ് എൻഡിഎയിലേക്ക് ചാഞ്ഞത്. ബിഹാർ രാഷ്ട്രീയത്തിൽ വളരെ നിർണായകമായി മാറിയ ജാതി സെൻസസ് നടത്തിയ ശേഷമായിരുന്നു നിതീഷിന്റെ ഈ ചാട്ടം. ഒരു സമയത്ത് ജാതി സെൻസസിന്റെ പേരിൽ ബിജെപിയെ കണക്കറ്റ് വിമർശിച്ചിരുന്ന നേതാവ് കൂടിയായിരുന്നു നിതീഷ്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്നെ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിക്ക് കൈകൊടുത്തത് വലിയ ഞെട്ടലായിരുന്നു രാഷ്ട്രീയ വൃത്തങ്ങളിൽ ഉണ്ടാക്കിയത്.

മഹാസഖ്യത്തെ സംബന്ധിച്ച് നിതീഷിൻ്റെ പിന്മാറ്റം ഉർവ്വശി ശാപം ഉപകാരമെന്ന് പറഞ്ഞത് പോലെയാവുകയായിരുന്നു. നിതീഷ് മഹാസഖ്യത്തിൽ തുടർന്നിരുന്നെങ്കിൽ ഇത്രയും ഐക്യത്തോടെ മഹാസഖ്യത്തിന് തിരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കില്ലായിരുന്നു. ജെഡിയു-ആർജെഡി സീറ്റ് പങ്കിടൽ കഴിഞ്ഞാൽ ശേഷിക്കുന്ന ചുരുങ്ങിയ സീറ്റുകൾ കൊണ്ട് കോൺഗ്രസോ ഇടതുപാർട്ടികളോ തൃപ്തിപ്പെടില്ലായിരുന്നു എന്നതും വ്യക്തമാണ്. ജെഡിയു വിട്ടുപോയതോടെ നീതിപൂർവ്വകമായ സീറ്റ് പങ്കിടൽ മഹാസഖ്യത്തിലെ സഖ്യകക്ഷികൾക്കിടയിൽ സാധ്യമായിരുന്നു.

നിതീഷിന്റെ എൻഡിഎ പ്രവേശനത്തിൽ ഇൻഡ്യാ സഖ്യം പ്രതികരിച്ചതും വളരെ തണുത്ത രീതിയിലാണ്. സഖ്യത്തെ നയിക്കാനായി മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തതിൽ നിതീഷിന് കടുത്ത അമർഷമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കാലാകാലങ്ങളായി ബിഹാറിൽ കുടുങ്ങിക്കിടന്ന നിതീഷ് ദില്ലിയിലേക്കുള്ള ഒരു ഡയറക്റ്റ് പാത ഇൻഡ്യാ സഖത്തിലൂടെ സ്വപ്നം കണ്ടിരുന്നു. അതിനായി രാഷ്ട്രീയ പാരമ്പര്യത്തിന്റെ കണക്കുകൾ പറഞ്ഞ് കരുക്കളും നീക്കിത്തുടങ്ങിയിരുന്നു. എന്നാൽ സമ്മർദ്ദ ശക്തിയാകാനുള്ള സാധ്യത കുറവാണെന്ന് ബോധ്യപ്പെട്ടതോടെയാണ് സഖ്യത്തിൽ നിന്ന് നിതീഷ് പിന്മാറിയതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ഇതിന് പുറമെ ബിഹാറിലെ സീറ്റ് വിഭജനത്തിലും നിതീഷ് കുമാറിന് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ലാലുവുമായുള്ള തർക്കവും കോൺഗ്രസിന് സീറ്റുകൾ വിട്ടുകൊടുക്കുന്നതിലെ വൈമുഖ്യവും നിതീഷിന്റെ എൻഡിഎ പുനഃപ്രവേശനത്തിനുള്ള വേഗം കൂട്ടി.

നിതീഷ് കുമാറിന്റെ പിന്മാറ്റം ഇൻഡ്യാ മുന്നണിയെ കൂടുതൽ ജാഗരൂഗരാക്കി എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. മുൻപ് പ്രശ്നങ്ങൾ പുറത്തുകേട്ടിരുന്നുവെങ്കിൽ നിതീഷിന്റെ പിന്മാറ്റത്തോടെ കൂടുതൽ കെട്ടുറപ്പോടെ മഹാസഖ്യം കരുക്കൾ നീക്കുകയായിരുന്നു. ബിഹാറിലെ 40 ലോക്സഭാ സീറ്റുകളിൽ ആർജെഡി 23 സീറ്റുകളിൽ മത്സരിച്ചത്. കോൺഗ്രസ് 9 സീറ്റുകളിലും ഇടതുപാർട്ടികൾ 5 സീറ്റുകളിലും വിഐപി മൂന്ന് സീറ്റുകളിൽ വീതവും മത്സരിച്ചു.

നിതീഷ് കുമാർ എൻഡിഎയിലേക്ക് പോയതോടെ ഐക്യത്തിന്റെ ശക്തി തെളിയിക്കാൻ കനത്ത പ്രചാരണമാണ് മഹാസഖ്യം സംസ്ഥാനത്തെങ്ങും സംഘടിപ്പിച്ചത്. അതിന് ചുക്കാൻ പിടിച്ചത് ആർജെഡി നേതാവ് തേജസ്വി യാദവ് നേരിട്ടായിരുന്നു. ജൻ വിശ്വാസ് യാത്രയുമായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമെത്തിയ തേജസ്വി നിരവധി തെരഞ്ഞെടുപ്പ് റാലികളെയാണ് അഭിസംബോധന ചെയ്തത്.

നിരന്തരമായ ഇത്തരം റാലികളും പൊതുയോഗങ്ങളും തേജസ്വിയുടെ ആരോഗ്യത്തെത്തന്നെ ബാധിച്ചിരുന്നു. കനത്ത പുറംവേദന അനുഭവപ്പെട്ടത് മൂലം വീൽചെയറിലായിരുന്നു തേജസ്വി അവസാനഘട്ട പ്രചാരണങ്ങൾക്കെത്തിയിരുന്നത്. ഡോക്ടർമാരുടെ വിശ്രമ നിർദേശങ്ങൾ അവഗണിച്ചായിരുന്നു തേജസ്വിയുടെ പ്രചാരണങ്ങൾ. ഇത്തരത്തിൽ സഖ്യത്തിന്റെ കടിഞ്ഞാൺ സ്വയം ഏറ്റെടുത്ത് തേജസ്വി നടത്തുന്ന ഈ പോരാട്ടം ഫലം കാണുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ

നിതീഷിനൊപ്പം തെരഞ്ഞെടുപ്പിനെ നേരിട്ട 2019ൽ വമ്പൻ വിജയമാണ് എൻഡിഎയ്ക്ക് ബിഹാറിൽ ഉണ്ടായത്. 40ൽ 39 സീറ്റാണ് എൻഡിഎ നേടിയത്. ബിജെപി മത്സരിച്ച 17 സീറ്റുകളിലും വിജയിച്ചപ്പോൾ ജെഡിയു വിജയിച്ചത് 16 സീറ്റുകളിൽ. എൽജെപി നേടിയത് ആറിൽ ആറ് ! നിതീഷിന്റെ വരവോടെ 2019ലെ ഈ വിജയം വീണ്ടും അവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സഖ്യം.

ബിജെപി 17 സീറ്റുകളിലാണ് മത്സരിച്ചത്. ജെഡിയു മത്സരിച്ചത് 16 സീറ്റിൽ. എൽജെപി 5 സീറ്റുകളിലും ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച എന്നിവർ ഓരോ സീറ്റുകളിൽ വീതവും മത്സരിച്ചു. വാശിയേറിയ മത്സരം നടക്കുന്ന ബിഹാറിൽ എൻഡിഎ സഖ്യം 2019 ആവർത്തിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image