ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം രണ്ട് സംസ്ഥാനങ്ങളിലാണ് ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല് നടക്കുന്നത്. ഒഡീഷയിലും ആന്ധ്രാ പ്രദേശിലും. ഒഡീഷയില് മുഖ്യമന്ത്രി നവീന് പട്നായിക്കിന്റെ നേതൃത്വത്തില് 2000 മുതല് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ബിജെഡിയും ബിജെപിയും അധികാരത്തിനായുള്ള കടുത്ത പോരാട്ടത്തിലാണ്. വൈഎസ്ആര്സിപി ഭരിക്കുന്ന ആന്ധ്രാ പ്രദേശില് ഇക്കുറി ആര് ഭരണം പിടിക്കുമെന്നും ഇന്നറിയാം.
ആന്ധ്രയില് മെയ് 13ന് 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും ഒരേസമയം നടന്ന തിരഞ്ഞെടുപ്പില് 3.33 കോടി വോട്ടുകള് പോള് ചെയ്തു. മൊത്തം 4.61 ലക്ഷം തപാല് ബാലറ്റുകള് രേഖപ്പെടുത്തിയപ്പോള് 26,473 വോട്ടര്മാര് വീട്ടില് വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തി. 26,721 സര്വീസ് വോട്ടര്മാരും ഇലക്ട്രോണിക് വഴി വോട്ടവകാശം വിനിയോഗിച്ചു.
ആന്ധ്രാപ്രദേശില് 2,387 സ്ഥാനാര്ത്ഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന് റെഡ്ഡി, ടിഡിപി അധ്യക്ഷന് എന് ചന്ദ്രബാബു നായിഡു, ജനസേനാ മേധാവി പവന് കല്യാണ് എന്നിവരാണ് സംസ്ഥാനത്തെ പ്രധാന സ്ഥാനാര്ത്ഥികള്.
2019ല് 49.95 ശതമാനം വോട്ട് വിഹിതത്തോടെ 175 അസംബ്ലി സീറ്റുകളില് 151 സീറ്റും നേടിയാണ് വൈഎസ്ആര്സിപി വന് വിജയം കരസ്ഥമാക്കിയത്. ടിഡിപിക്ക് 39.17 ശതമാനം വോട്ടോടെ 23 സീറ്റുകള് മാത്രമേ നേടാനായുള്ളൂ. ബാക്കി സീറ്റ് ജനസേന നേടി.
അതേസമയം, ഒഡീഷയിലെ 147 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13 മുതല് ജൂണ് 01 വരെ നാല് ഘട്ടങ്ങളിലായാണ് നടന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും ഒരേ സമയത്താണ് വോട്ടെടുപ്പ് നടന്നത്. ഒഡീഷയില് 63.46 ശതമാനം പോളിങ് രേഖപ്പെടുത്തിയ അവസാനഘട്ട വോട്ടെടുപ്പ് രാത്രി എട്ടുമണിക്കാണ് പൂര്ത്തിയായത്.
ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില് ബിജെപിക്ക് 62-80 സീറ്റുകള് ലഭിക്കുമെന്ന് എക്സിറ്റ് പോള് ഫലങ്ങള് പ്രവചിച്ചതോടെ വലിയ പ്രതീക്ഷയിലാണ് പാര്ട്ടി. മുഖ്യമന്ത്രി നവീന് പട്നായിക് കാന്തബന്ജി, ഹിന്ജിലി എന്നീ രണ്ട് മണ്ഡലങ്ങളില് നിന്നാണ് മത്സരിക്കുന്നത്.