ലോക്സഭാ തിരഞ്ഞെടുപ്പിലെ എന്ഡിഎക്ക് നേരിട്ട കനത്ത തിരിച്ചടിയില് പ്രതികരിച്ച് യൂട്യൂബറും സോഷ്യല്മീഡിയ ഇന്ഫ്ളൂവന്സറുമായ ധ്രുവ് റാത്തി. സാധാരണക്കാരന്റെ ശക്തിയെ വിലകുറച്ചുകാണരുതെന്ന് ധ്രുവ് റാത്തി സോഷ്യല്മീഡിയയിലൂടെ പ്രതികരിച്ചു. എന്ഡിഎ സര്ക്കാരിനേറ്റ തിരിച്ചടിയില് സോഷ്യല്മീഡിയയില് ധ്രുവ് റാത്തിയും വലിയ പ്രശംസ നേടുന്നതിനിടെയാണ് പ്രതികരണം എത്തുന്നത്.
ഉത്തര്പ്രദേശ് അടക്കം ഹൃദയഭൂമിയില് ബിജെപിക്ക് അടിപതറിയതില് ധ്രുവിന്റെ വീഡിയോ വലിയ പങ്കുവഹിച്ചെന്നും സാധാരണക്കാരുടെ നെഞ്ചില് കയറികൂടിയത് ധ്രുവിന്റെ വാക്കുകളാണെന്നുമാണ് സോഷ്യല് മീഡിയ അഭിപ്രായപ്പെടുന്നത്.
ഇന്ഡ്യാ മുന്നണിയെ നിഷ്പ്രഭമാക്കി 400 സീറ്റിന്റെ ഭൂരിപക്ഷത്തില് ഭരണത്തുടര്ച്ചയുണ്ടാവുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ അവകാശവാദം. എന്നാല് അന്തിമ ഫലം പുറത്ത് വരുമ്പോള് എന്ഡിഎ സഖ്യം 290 സീറ്റിലൊതുങ്ങിയെന്ന് മാത്രമല്ല, നൂറ് കടക്കില്ലെന്ന് ബിജെപി പറഞ്ഞ ഇന്ഡ്യ സഖ്യം 235 സീറ്റില് ലീഡ് ചെയ്യുകയും ചെയ്യുകയാണ്. രാജ്യത്തിന്റെ അടിസ്ഥാന വര്ഗത്തിന്റെ പ്രശ്നങ്ങള് അവതരിപ്പിച്ച മോദി സര്ക്കാരിനെ തുറന്നുകാട്ടിയ ധ്രുവ് റാത്തിയുടെ വീഡിയോ മിനിറ്റുകള്ക്കകം സോഷ്യല് മീഡിയ ഏറ്റെടുത്തിരുന്നു.
2024 ഫെബ്രുവരി 22- ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത ' ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരായിരുന്നു. ശേഷം ഇത് വരെയുള്ള തുടര്ച്ചയായ ദിവസങ്ങളിലെ ട്വിറ്റര് ട്രെന്ഡിങ്ങില് ഇത് ആദ്യ പത്തില് ഇടം പിടിച്ചു. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങള് പങ്ക് വെക്കാന് ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ധ്രുവിന്റേത്.
മാസത്തില് പത്തില് താഴെ വീഡിയോ മാത്രമാണ് ധ്രുവ് യുട്യൂബില് പോസ്റ്റ് ചെയ്യാറുള്ളത്.എന്നിട്ട് പോലും ഇന്ത്യയുടെ മുഖ്യ വാര്ത്താ ചാനലുകളേക്കാള് അധികം ഏകദേശം 20 മില്യണ് സബ്സ്ക്രൈബേഴ്സ് ധ്രുവിനുണ്ട് . കഴിഞ്ഞ വര്ഷത്തെ ടൈം മാഗസിന്റെ 'Next Generation Leaders' പട്ടികയില് ഉള്പ്പെട്ട ഇന്ത്യക്കാരന് കൂടിയാണ് ധ്രുവ്.