ചെന്നൈ: ഹിന്ദുത്വ രാഷ്ടീയത്തെ ജനങ്ങള് തിരസ്കരിച്ചതല്ല തമിഴ്നാട്ടിൽ ബിജെപിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്ഡിഎ സ്ഥാനാര്ഥിയുമായിരുന്ന കെ അണ്ണാമലൈ. 1,18068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കോയമ്പത്തൂര് സ്ഥാനാര്ത്ഥിയായിരുന്ന കെ അണ്ണാമലൈയെ ഡിഎംകെയുടെ ഗണപതി രാജ്കുമാര് പരാജയപ്പെടുത്തിയത്. ദേശീയ നേതൃത്വമടക്കം ദക്ഷിണേന്ത്യയിൽ ബിജെപി പ്രതീക്ഷിച്ച വെച്ചിരുന്ന മണ്ഡലമായിരുന്നു കോയമ്പത്തൂർ.
തമിഴ്നാട്ടിലെ പ്രധാന പാര്ട്ടികളിലൊന്നായ എഐഎഡിഎംകെയുമായുള്ള ബന്ധം നിലനിര്ത്തിയിരുന്നെങ്കില് ബിജെപിക്ക് കൂടുതല് സീറ്റുകള് നേടാനായേനെ എന്നുള്ള വാദവും അണ്ണമലൈ തള്ളിക്കളഞ്ഞു. എഐഎഡിഎംകെയുമായുള്ള സഖ്യം മുന് കാലങ്ങളില് ഫലം കണ്ടില്ലെന്നും അതിനാല് ഒരു തിരിച്ചുപോക്കിന്റെ ആവശ്യമില്ലെന്നും അണ്ണാമലൈ പറഞ്ഞു.
2019 ലോകസ്ഭാ തിരഞ്ഞെടുപ്പിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെ ബിജെപിയുമായുള്ള സഖ്യത്തില് നിന്ന് എഐഎഡിഎംകെ പിന്മാറുകയായിരുന്നു. പാര്ട്ടി നേതാക്കളായ ജെ ജയലളിതയ്ക്കും അണ്ണാദുരൈയ്ക്കും എതിരേ രൂക്ഷമായി വിമർശനമുന്നയിച്ച അണ്ണാമലൈ, ഈ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് കടുത്ത നിലപാടെടുക്കുകയും ചെയ്തിരുന്നു.