ന്യൂഡൽഹി: ഗാന്ധി കുടുംബം തന്നിൽ അർപ്പിച്ച വിശ്വാസമാണ് അമേഠി മണ്ഡലമെന്നും അതുകൊണ്ട് വിശ്വാസ ലംഘനം നടത്തില്ലെന്നും കിഷോരി ലാൽ ശർമ്മ. അമേഠിയിലെ വിജയം തന്റെ മാത്രം വിജയമല്ല, അമേഠിയിലെ ജനങ്ങളുടെയും ഗാന്ധി കുടുംബത്തിൻ്റെയും വിജയമാണെന്നും കിഷോരി ലാൽ ശർമ്മ വ്യക്തമാക്കി. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന അമേഠിയിൽ അവസാന നിമിഷം രംഗത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിയും ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനുമാണ് കിഷോരി ലാൽ ശർമ്മ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയാണ് കിഷോരി ലാൽ ശർമ്മ അമേഠിയിൽ ജയിച്ചത്.
2019ൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിതിന്റെ പ്രതികാരമെന്ന നിലയിൽ അല്ല തന്റെ വിജയം കണക്കാക്കുന്നതെന്നും കിഷോരി ലാൽ ശർമ്മ പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രതികാരമൊന്നുമില്ല. അത് സ്പോർട്സ്മാൻഷിപ്പ് പോലെയാണ്, ഒരാൾ ജയിക്കണം, മറ്റൊരാൾ തോൽക്കും. ഞങ്ങൾ കാര്യങ്ങളെ പ്രതികാരത്തിൻ്റെ അടിസ്ഥാനത്തിലല്ല കാണുന്നതെന്നും കിഷോരി ലാൽ ശർമ്മ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി റായ്ബറേലിയിൽ സീറ്റ് നിലനിർത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. ലോക്സഭയിൽ താൻ ഏത് മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നും രാഹുൽ ഗാന്ധിയാണ് തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നും മത്സരിച്ചപ്പോൾ അമേഠിയിൽ കിഷോരി ലാൽ ശർമ്മ എന്ന തുറുപ്പുചീട്ടാണ് കോൺഗ്രസ് ഇത്തവണ ഇറക്കിയത്. വയനാട്ടിൽ 3.6 ലക്ഷത്തിലധികം വോട്ടുകൾക്കും റായ്ബറേലിയിൽ 3. 9 ലക്ഷത്തിലധികം വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്.
പാർലമെൻ്റിൽ മികച്ച പ്രകടനം നടത്തണമെന്നാണ് രാഹുൽ തന്നിരിക്കുന്ന മാർഗ്ഗനിർദ്ദേശം.ഞാൻ ആദ്യമായിട്ടാണ് ഈ രംഗത്ത്. രാഹുൽ ഒരു മുതിർന്ന എംപിയായാണ്. അതിനാൽ അദ്ദേഹത്തിൽ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി കുടുംബത്തിൻ്റെ പ്യൂണെന്നും ഗുമസ്തനെന്നും വിളിച്ച് ബിജെപി പരിഹസിച്ചിരുന്നു. അതിനുളള മറുപടി രാഹുൽ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപി സംസാരിക്കുന്നത് മാന്യമായ രീതിയിൽ അല്ല. കിഷോരി ലാൽ ശർമ്മ കഴിഞ്ഞ 40 വർഷമായി അമേഠിയിൽ പ്രവർത്തിക്കുന്നു. ഒരു പക്ഷേ, കിഷോരി ലാൽ ശർമ്മയ്ക്ക് അമേഠിയുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപിക്കാർ മനസ്സിലായി കാണില്ല. എന്റെ വിജയം എനിക്ക് ഉറപ്പായിരുന്നുവെന്നും ശർമ്മ പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ, സ്മൃതി ഇറാനിയെ നേരിടാനുള്ള തുറുപ്പുചീട്ട്; ആരാണ് കിശോരി ലാൽ ശർമ്മഅമേഠി ഗാന്ധി കുടുംബത്തിന്റെ പര്യായമാണ്. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ 55,000-ത്തിലധികം വോട്ടുകൾക്ക് ബിജെപിയുടെ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് കോൺഗ്രസ് കോട്ട തകർന്നത്.