ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച് രാഹുൽ ഗാന്ധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. അദ്ദേഹം ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ അഹങ്കാരത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള് നല്കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ അവരുടെ തോല്വിക്ക് കാരണമെന്നും തരൂര് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
'രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. ഖാര്ഗെ രാജ്യസഭയില് പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാല് രാഹുല് ലോക്സഭയില് സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ട്', ശശി തരൂർ പറഞ്ഞു.
സർക്കാരിനെ നേരിടാൻ ഞങ്ങൾക്ക് ഇപ്പോൾ ശക്തമായ ഒരു സംഖ്യയുണ്ടെന്നാണ് കരുതുന്നതെന്ന് ശശി തരൂർ പറഞ്ഞു. അതിന് പ്രതിപക്ഷ നേതാവ് പാർട്ടിയിൽ ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവായിരിക്കണം രാഹുൽ ഗാന്ധിയെ പരാമർശിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം പറഞ്ഞു. കഴിഞ്ഞ പത്തുകൊല്ലം മോദി സര്ക്കാര് പാര്ലമെന്റിനെ ഒരു നോട്ടീസ് ബോര്ഡ് പോലെയാണ് പരിഗണിച്ചിരുന്നതെന്നും തരൂര് വിമര്ശിച്ചു. എന്നാല്, പ്രതിപക്ഷത്തിന് 230-ല് അധികം എം.പിമാരെ ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില് ഇനി ഇത്തരം സമീപനം നടപ്പാവുകയില്ലെന്നും തരൂര് പറഞ്ഞു.
രാഷ്ട്രീയ പ്രവര്ത്തന മണ്ഡത്തില് ഭാവിയില് മാറ്റം വരുത്തുമെന്ന സൂചനയും തരൂർ പങ്കുവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില് ഇനി മത്സരിക്കാനില്ലെന്ന തൻ്റെ നിലപാടും തരൂർ വ്യക്തമാക്കി. അഞ്ചു കഴിഞ്ഞാല് ലോക്സഭയിലേക്ക് വീണ്ടും പോകണമെന്ന് ഞാന് ആഗ്രഹിക്കുന്നില്ല. ലോക്സഭ തിരഞ്ഞെടുപ്പില് നിന്നാണ് മാറുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില് നിന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കര്ത്തവ്യം ചെയ്തുവെന്ന് കരുതുന്നുവെന്നും പുതുമുഖങ്ങള് വരുന്നതിന് വേണ്ടി എപ്പോള് മാറിനില്ക്കണമെന്ന് നമ്മളെല്ലാവരും അറിയേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. ലോക്സഭ തീര്ച്ചയായും വളരെ പ്രധാനപ്പെട്ട സ്ഥാപനമാണ്. എന്റെ മണ്ഡലത്തിലെ ജനങ്ങള്ക്ക് വേണ്ടി ഞാന് പരാമാവധി കാര്യങ്ങള് ചെയ്തിട്ടുണ്ട്. അത് തുടരുമെന്നും ശശി തരൂർ വ്യക്തമാക്കി. തൃശ്ശൂരിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥിയെ കുറിച്ചും ശശി തരൂർ സംസാരിച്ചു. സുരേഷ് ഗോപി ടിപ്പിക്കൽ ബിജെപിക്കാരൻ അല്ലെന്ന് തരൂർ പറഞ്ഞു. സുരേഷ് ഗോപി തന്റെ മതേതര യോഗ്യതകള് പരസ്യമായി പ്രഖ്യാപിച്ചു. ക്രിസ്ത്യന് സമുദായത്തെ ആകര്ഷിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
2024-ലെ ജനവിധിയുടെ സന്ദേശത്തെക്കുറിച്ചും തരൂർ പറഞ്ഞു. 'ഇത് വളരെ വ്യക്തമാണ് - ജനാധിപത്യത്തെ നിസ്സാരമായി കണക്കാക്കാൻ ഇന്ത്യൻ വോട്ടർ അനുവദിക്കില്ല', ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂർ16,077 വോട്ടുകൾക്കാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തിയത്.