
ന്യൂഡൽഹി: ലോക്സഭാ, ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ടിഡിപി മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കാര്യമായ നേട്ടമുണ്ടാക്കി ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ കമ്പനി. ഹെറിറ്റേജ് ഫുഡ്സിൻ്റെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 55 ശതമാനം ഉയർന്നതോടെ കമ്പനിയുടെ പ്രൊമോട്ടറായ നര ഭുവനേശ്വരിക്ക് 535 കോടി രൂപയുടെ സാമ്പത്തികവർദ്ധനവുണ്ടായി.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോക്ക് 424 രൂപയിലായിരുന്നു. ഇന്ന് ഹെറിറ്റേജ് ഫുഡ്സ് ഓഹരി 661.25 രൂപയിലാണ്. നായിഡുവിൻ്റെ മകൻ നാരാ ലോകേഷിന് ഹെറിറ്റേജ് ഫുഡ്സിൻ്റെ 1,00,37,453 ഓഹരികളുണ്ട്. ഓഹരി കുതിച്ചുയർന്നതിന് ശേഷം, ലോകേഷിൻ്റെ ആസ്തിയിലും 237.8 കോടി രൂപയുടെ വർധനവുണ്ടായി.
ചന്ദ്രബാബു നായിഡു 1992ലാണ് ഹെറിറ്റേജ് ഫുഡ്സ് സ്ഥാപിച്ചത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, എൻസിആർ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഹെറിറ്റേജിൻ്റെ പാലും പാലുൽപ്പന്നങ്ങളും വിപണിയിലുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്ന ഫലസൂചനകൾ പുറത്തുവന്നതോടെ ഓഹരിവിപണിയിൽ ഇടിവുണ്ടായിരുന്നു. ഫലം വന്ന ദിവസം നിഫ്റ്റി 50 സൂചിക ഇടിഞ്ഞ് 22,557-ലാണ് രാവിലെ വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 3 ശതമാനം ഇടിവ് രേഖപ്പെടുത്തി 74,107ലാണ് ക്ലോസ് ചെയ്തത്. അദാനി ഗ്രൂപ്പ് ഓഹരികളും കനത്ത നഷ്ടത്തിലായിരുന്നു.