ന്യൂഡല്ഹി: മൂന്നാം എന്ഡിഎ സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 78-81 വരെ അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും അധികാരമേല്ക്കുകയെന്നും സൂചനയുണ്ട്. ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശം അടക്കം പ്രധാനപ്പെട്ട വകുപ്പ് മന്ത്രിമാര് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഈ വകുപ്പുകള് ബിജെപി കക്ഷികള്ക്ക് നല്കിയേക്കില്ല.
രാഷ്ട്രപതി ഭവനില് വൈകിട്ട് 7.15 ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഇന്ന് സത്യപ്രതിജ്ഞ. 2014ലും 2019ലും ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമുള്ള സര്ക്കാരുകളെയാണ് നരേന്ദ്ര മോദി നയിച്ചത് എങ്കില് ഘടകകക്ഷികള് കൂടി കടിഞ്ഞാണ് കൈവശപ്പെടുത്തിയ മന്ത്രിസഭയെയാണ് മോദി ഇനി നയിക്കുക.
സത്യപ്രതിജ്ഞക്ക് മണിക്കൂറുകള് മാത്രം അവശേഷിക്കെ മന്ത്രിസഭാംഗങ്ങളെ സംബന്ധിച്ച് ഇനിയും ചിത്രം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ സര്ക്കാരിലെ പല പ്രമുഖരും വീണ്ടും ഇടം പിടിച്ചേക്കും. അതേസമയം സംഘടനാ രംഗത്ത് ബിജെപിയിലെ അഴിച്ചു പണി കൂടി മുന്നില് കണ്ടാകും മന്ത്രിമാരെ തീരുമാനിക്കുക. ഘടകകക്ഷികളായ ടിഡിപി, ജെഡിയു എന്നീ പാര്ട്ടികള്ക്ക് രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങള് നല്കാന് ബിജെപി സമ്മതിച്ചതായാണ് സൂചന. രാജ്നാഥ് സിംഗ്, നിതിന് ഗഡ്കരി, എസ് ജയശങ്കര്, പിയൂഷ് ഗോയല് തുടങ്ങിയ പ്രമുഖരെല്ലാം പുതിയ സര്ക്കാരിലും നിര്ണായക പദവിയില് ഉണ്ടാകും എന്നാണ് നിലവിലെ സൂചന. പാര്ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്ത്തിയാക്കുന്ന ജെപി നദ്ദ മന്ത്രിസഭയിലേക്കെത്താന് ഇടയുണ്ട്.
അങ്ങനെയെങ്കില് രണ്ടാം മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്മ്മല സീതാരാമന്, മധ്യപ്രദേശ് മുന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് എന്നിവരില് ഒരാള് അധ്യക്ഷ സ്ഥാനത്ത് എത്തും. മനോഹര്ലാല് ഖട്ടര് , ബസവരാജ് ബൊമ്മൈ, ജ്യോതിരാദിത്യ സിന്ധ്യ, പ്രള്ഹാദ് ജോഷി, ധര്മ്മേന്ദ്രപ്രധാന്, ബാന്സുരി സ്വരാജ് ജിതിന് പ്രസാദ ,നിത്യാനന്ദ് റായി സര്ബാനന്ദ സോനേവാള് തുടങ്ങിയ എംപിമാര് സാധ്യതാ ലിസ്റ്റിലുള്ളവരാണ്.
ഘടകകക്ഷികളില് നിന്ന് ചിരാഗ് പാസ്വാന് എച്ച് ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്, ജിതന് റാം മാഞ്ചി, പ്രഫുല് പട്ടേല്, റാം മോഹന് നായിഡു എന്നിവര് ആയിരിക്കും മന്ത്രിസഭയില് ഉണ്ടാവുക. ടിഡിപിക്കും ജെഡിയുവിനും നിര്ണായക സ്വാധീനമുള്ള ഈ മന്ത്രിസഭയില് ഇരു പാര്ട്ടികളുടെയും പ്രാതിനിധ്യം എത്രത്തോളം എന്നതില് ഇതുവരെ അതിമ തീരുമാനമായിട്ടില്ല. രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങള് വീതമെങ്കിലും ലഭിക്കാതെ ഇരു കൂട്ടരും വഴങ്ങാന് ഇടയില്ല. ഉച്ചയ്ക്ക് മുന്പായി അന്തിമ ധാരണയില് എത്താനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.