ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ മന്ത്രിയായതോടെ ബിജെപിയെ ഇനി ആര് നയിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്ന ശിവരാജ് സിങ് ചൗഹാനും ധര്മ്മേന്ദ്ര പ്രധാനും കേന്ദ്ര മന്ത്രിസഭയിൽ ഇടം പിടിച്ചതിനാൽ ബിജെപിയുടെ തലപ്പത്ത് പുതിയ ഒരാൾ വരുമെന്ന് ഉറപ്പായി. മുന് പാര്ട്ടി അധ്യക്ഷന്മാരായ രാജ്നാഥ് സിങ്, നിതിന് ഗഡ്ഗരി, അമിത് ഷാ, എന്നിവരും ഹരിയാന മുന് മുഖ്യമന്ത്രി കൂടിയായ മനോഹര്ലാല് ഘട്ടറും മൂന്നാമൂഴത്തില് മോദിക്കൊപ്പം കാബിനറ്റിലുണ്ട്. അത് കൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് ഇവരെയും പരിഗണിക്കാൻ സാധ്യതയില്ല.
അമിത് ഷാ ദേശീയ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെയാണ് നദ്ദ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നത്. നദ്ദയുടെ ബിജെപി ദേശീയ അധ്യക്ഷ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് പുതിയ നിയോഗം. മൂന്നാം മോദി സർക്കാരിൽ അഞ്ചാമനായിട്ടാണ് നദ്ദ സത്യവാചകം ചൊല്ലിയത്. അതെ സമയം ഹിമാചൽ പ്രദേശിലെ ഹമീർപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു വന്ന അനുരാഗ് താക്കൂർ ദേശീയ അധ്യക്ഷൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന റിപ്പോർട്ടുകളുണ്ട്. അഞ്ചു തവണ എംപിയായ അനുരാഗ് താക്കൂർ കഴിഞ്ഞ തവണ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, സ്പോർട്സ് വിഭാഗത്തിൽ മന്ത്രിയായിരുന്നു. എന്നാൽ പുതിയ കേന്ദ്ര മന്ത്രിസഭയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ബിജെപിയുടെ കേന്ദ്ര സംഘടനാ സംവിധാനത്തിന്റെ നേതൃത്വത്തിലേക്ക് താക്കൂറിനെ മാറ്റാനാണ് ഈ നീക്കം എന്നാണ് കരുതപ്പെടുന്നത്.
ആറായിരം കോടിയോളം ആസ്തി; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി മന്ത്രി പദത്തിലേക്ക്