സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വി കെ പാണ്ഡ്യൻ; തീരുമാനം ഒഡീഷയിലെ ബിജെഡി തോൽവിക്ക് പിന്നാലെ

സംസ്ഥാനത്തെ പരാജയത്തിന് പിന്നാലെ പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്ന് നവീൻ പട്നായിക് പ്രസ്താവിച്ചിരുന്നു

dot image

ഭുവനേശ്വർ: ഒഡീഷയിൽ ബിജെഡിയുടെ കനത്ത തോൽവിക്ക് പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി കെ പാണ്ഡ്യൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെഡി നേരിട്ട തോൽവിയിൽ പാണ്ഡ്യൻ വിമർശനങ്ങൾ നേരിട്ടിരുന്നു. മാത്രമല്ല, സംസ്ഥാനത്തെ പരാജയത്തിന് പിന്നാലെ പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്ന് നവീൻ പട്നായിക് പ്രസ്താവിക്കുകയും ചെയ്തിരുന്നു. പാണ്ഡ്യൻ തന്റെ പിൻഗാമിയല്ലെന്നും ഇക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നുമാണ് പട്നായിക് പ്രസ്താവിച്ചത്.

2000 ബാച്ചിലെ ഐഎഎസ് ഓഫീസറായ പാണ്ഡ്യൻ 20 വർഷത്തോളം നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 2023 ലാണ് പാണ്ഡ്യൻ സിവിൽ സർവ്വീസിൽ നിന്ന് രാജിവെച്ച് ബിജെഡിയിൽ ചേർന്നത്. ബിജെഡിയിലെ പാണ്ഡ്യന്റെ അപ്രമാധിത്യം പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പുകൾ സൃഷ്ടിച്ചിരുന്നു. ഇതിന് പുറമെ ബിജെഡിക്കെതിരായി ബിജെപി ഉപയോഗിച്ച പ്രധാന ആയുധങ്ങളിലൊന്നായിരുന്നു നവീൻ പട്നായിക്കിന് മേൽ പാണ്ഡ്യനുള്ള സ്വാധീനം.

ഒഡീഷക്കാരനല്ലാത്ത പാണ്ഡ്യനാണ് ഒഡീഷയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ആരോപിച്ച മോദി, ഇത് ഉപയോഗിച്ച് പ്രാദേശിക വികാരം ഇളക്കി വിടുന്നതിൽ വിജയിക്കുകയും 24 വർഷത്തെ പട്നായിക്ക് ഭരണം അവസാനിപ്പിക്കുകയും ചെയ്യുകയായിരുന്നു. തമിഴ്നാട്ടുകാരനായ വി കെ പാണ്ഡ്യൻ ഒഡീഷയിലെ വിഭവങ്ങളെ കൊള്ളയടിക്കുന്നുവെന്നാണ് പ്രചാരണത്തിലുടനീളം ബിജെപി ആരോപിച്ചത്.

വി കെ പാണ്ഡ്യനെ പട്നായിക് കൂടുതലായി ആശ്രയിച്ചത് സംസ്ഥാനത്ത് ബിജെഡിക്ക് തിരിച്ചടിയുണ്ടായതിലെ പ്രധാന കാരണങ്ങളിലൊന്നായാണ് വിലയിരുത്തുന്നത്. പാണ്ഡ്യൻ ജില്ലകളിലുടനീളം യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ചതോടെ ജനങ്ങൾക്കിടയിൽ ബിജെഡിയോടുണ്ടായിരുന്ന എതിർപ്പ് കൂടുതൽ തീവ്രമായെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ആകെയുള്ള 146 സീറ്റിൽ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് പകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ 24 വർഷത്തെ, തുടർച്ചയായ ബിജെഡി ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്. തുടർച്ചയായി ആറാം തവണയും മുഖ്യമന്ത്രി സ്ഥാനത്തെത്താമെന്ന വലിയ റെക്കോർഡ് നേട്ടം ഇതോടെ പട്നായിക്കിന് നഷ്ടമായി. മാത്രമല്ല, 21 ലോക്സഭാ മണ്ഡലങ്ങളിൽ 20 ഉം വിജയിച്ചത് ബിജെപിയാണ്.

ജഗന്നാഥ ക്ഷേത്രം, വികെ പാണ്ഡ്യന്; ഒഡീഷയില് പട്നായിക്കിനെ വീഴ്ത്തിയ മോദി തന്ത്രങ്ങള്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us