ആറായിരം കോടിയോളം ആസ്തി; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി മന്ത്രി പദത്തിലേക്ക്

ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂരിലെ ടിഡിപി സ്ഥാനാർഥിയായാണ് വിജയം നേടിയത്

dot image

ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കാനിരിക്കുകയാണ്. മോദി സർക്കാർ എൻഡിഎ സഖ്യ കരുത്തിലാണ് ഇത്തവണ മൂന്നാമൂഴത്തിലേക്ക് കടക്കുന്നത്. സഖ്യത്തിൽ നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്ര ബാബു നായിഡുവിന്റെ ടിഡിപിയും നിർണ്ണായകമായി മാറിയിരുന്നു. അത് കൊണ്ട് തന്നെ ഈ രണ്ട് പാർട്ടികളെയും കാര്യമായി പരിഗണിച്ചുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. ഇരു പാർട്ടികൾക്കും ഒരു ക്യാബിനറ്റ് പദവി അടക്കമുള്ള രണ്ട് മന്ത്രി സ്ഥാനമാണ് ലഭിക്കുക.

ടിഡിപിയിൽ മന്ത്രിയാകുന്നവരിൽ ഒരാളാണ് പെമ്മസാനി ചന്ദ്രശേഖർ. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നൻ ആയ സ്ഥാനാർഥി എന്ന നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പെമ്മസാനി ചന്ദ്രശേഖര് വാര്ത്തകളില് ഇടം നേടിയത്. ആന്ധ്രപ്രദേശിലെ ഒരു എൻആർഐ ഡോക്ടർ ആയ പെമ്മസാനി ഗുണ്ടൂരിലെ ടിഡിപി സ്ഥാനാർഥിയായാണ് വിജയം നേടിയത്. 5785 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ ഡോക്ടർ പെമ്മസാനി ചന്ദ്രശേഖരുടെ ആസ്തി. അമേരിക്കയിൽ ഡോക്ടർ ആയ ചന്ദ്രശേഖർ അതിസമ്പന്നരുടെ നിരയിലേക്ക് ഉയർന്നത് ഓൺലൈൻ ലേണിംഗ് ആപ്പായ യു വേൾഡ് സ്ഥാപിച്ചതോടെയാണ്. അടുത്ത 30 വർഷം രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് പെമ്മസാനി തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാക്ക്. പ്രകടനം വിലയിരുത്തി ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവസരം നൽകണം എന്നും പെമ്മസാനി അഭിപ്രായപ്പെട്ടിരുന്നു.

ടിഡിപിയുടെ രണ്ട് മന്ത്രിമാരാകും പ്രധാനമന്ത്രിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഡോ പെമ്മസാനി ചന്ദ്രശേഖർക്ക് പുറമെ ശ്രീകാകുളം എംപി കിഞ്ചാരപ്പു റാം മോഹൻ നായിഡുവും ടിഡിപിയിൽ നിന്ന് കേന്ദ്രമന്ത്രിയാകും. കേരളത്തില് നിന്ന് സുരേഷ് ഗോപിയും കേന്ദ്രമന്ത്രിയാകും. ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്ക് കൃഷി മന്ത്രാലയം ലഭിക്കുമെന്നാണ് സൂചന. അഞ്ച് സീറ്റിന് ഒരു കേന്ദ്രമന്ത്രി പദവി എന്ന ഫോർമുലയാണ് സഖ്യകക്ഷികൾക്കിടയിൽ പദവി വീതം വയ്ക്കാൻ ബിജെപി സ്വീകരിച്ചത് എന്നാണ് വിവരം. അഞ്ചിൽ താഴെ സീറ്റുകൾ കിട്ടിയ സഖ്യകക്ഷികൾക്ക് സഹമന്ത്രി പദവി നല്കാനും ധാരണ ആയിരുന്നു. ജെഡിഎസ്സിന് രണ്ട് സീറ്റേ ലഭിച്ചുള്ളൂ എങ്കിലും മുൻ മുഖ്യമന്ത്രി എന്നത് കണക്കിലെടുത്താണ് കുമാരസ്വാമിക്ക് കേന്ദ്രമന്ത്രി പദവി നൽകുന്നത്.

സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വി കെ പാണ്ഡ്യൻ; തീരുമാനം ഒഡീഷയിലെ ബിജെഡി തോൽവിക്ക് പിന്നാലെ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us