റായ്ബറേലി: പ്രിയങ്കാ ഗാന്ധി വാരണാസിയില് നിന്നും ജനവിധി തേടിയിരുന്നെങ്കില് രണ്ട് മുതല് മൂന്ന് ലക്ഷം വരെ ഭൂരിപക്ഷത്തിന് നരേന്ദ്രമോദിയെ തോല്പ്പിച്ചേനെയെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. റായ്ബറേലിയില് പാര്ട്ടി പ്രവര്ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസുമായി സഹകരിച്ച് പ്രവര്ത്തിച്ച സമാജ്വാദി പാര്ട്ടി പ്രവര്ത്തകരോടും രാഹുല് നന്ദി പറഞ്ഞു. ഇത്തവണ രാജ്യത്തുടനീളം സഖ്യകക്ഷികള് ഒരുമിച്ച് പോരാടി. അതാണ് ഈ വിജയത്തിന് കാരണമെന്നും രാഹുല് പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും ഭരണഘടനയെ തൊട്ടുകളിച്ചതോടെയാണ് ഈ രീതിയില് സഖ്യം പ്രവര്ത്തിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്നത് ആദ്യമായി കാണുകയാണ്. ഇത് ഇന്ത്യയുടെ സംസ്കാരത്തിനെതിരാണെന്നും രാഹുല് കൂട്ടിച്ചേര്ത്തു.
2019ലെ തിരഞ്ഞെടുപ്പില് നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില് നിന്ന് ഇത്തവണ 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മോദിയുടെ വിജയം. 2019ലെ ഭൂരിപക്ഷത്തില്നിന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടുകളാണ് കുറഞ്ഞതെന്നും രാഹുല് പറഞ്ഞു. ഇന്ഡ്യ സഖ്യത്തിന്റെ മുന്നേറ്റത്തില് അദ്ദേഹം ജനങ്ങളോടും രാഹുല് നന്ദി പറഞ്ഞു.