ബിജെപിക്കെതിരായ രാഷ്ട്രീയ തന്ത്രങ്ങൾ ദേശീയ തലത്തിൽ പയറ്റാൻ അഖിലേഷ് യാദവ്; എംഎൽഎ സ്ഥാനം രാജിവെച്ചു

അഖിലേഷ് യാദവിന്റെ കരിസ്മാറ്റിക് ഇമേജ് എസ്പിക്ക് മുതല്ക്കൂട്ടാണെന്നും ഇത് ദേശീയ തലത്തില് പാര്ട്ടിയുടെ വളര്ച്ചയ്ക്ക് ഉപയോഗിക്കണമെന്നുമാണ് നേതാക്കളുടെ പൊതുവികാരം

dot image

ലഖ്നൗ: ഉത്തര്പ്രദേശിലെ തകര്പ്പന് വിജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തില് ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായ അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തില് നിന്നും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിയമസഭാ അംഗത്വം രാജിവെച്ച് കനൗജിന്റെ പ്രതിനിധിയായി തുടരാണ് അഖിലേഷ് യാദവിന്റെ തീരുമാനം. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില് വിജയിച്ച കര്ഹല് നിയമസഭാ മണ്ഡലത്തില് നിന്നും അഖിലേഷ് യാദവ് രാജിവെച്ചു. നിയമസഭാ അംഗത്വം രാജിവെച്ചു കൊണ്ടുള്ള അഖിലേഷിന്റെ കത്ത് ലഭിച്ചതായും രാജി അംഗീകരിച്ചതായും ഉത്തര്പ്രദേശ് നിയമസഭയുടെ പ്രിന്സിപ്പള് സെക്രട്ടറി പ്രദീപ് ദുബൈ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.

കനൗജ് നിലനിര്ത്താനും കര്ഹലില് നിന്നും രാജിവെയ്ക്കാനുമുള്ള താല്പ്പര്യം ചെവ്വാഴ്ചയാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. രണ്ട് ദിവസമായി ജന്മഗ്രാമമായ സഫായിലെത്തിയ അഖിലേഷ് യാദവ് കര്ഹാലിലെയും മെയിന്പുരിയിലെയും നേതാക്കളോട് കര്ഹാലില് നിന്ന് രാജിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്ച്ചകള് നടത്തിയിരുന്നു. മോദി സര്ക്കാര് മൂന്നാം ഊഴത്തിലും അധികാരത്തിലെത്തിയ സാഹചര്യത്തില് സ്വീകരിക്കേണ്ട ഭാവിതന്ത്രങ്ങളെക്കുറിച്ചും അഖിലേഷ് പാര്ട്ടി നേതാക്കളോട് സംസാരിച്ചിരുന്നു. ഇന്ഡ്യ മുന്നണിക്ക് ഉത്തര്പ്രദേശില് തിളക്കമുള്ള വിജയം ഉണ്ടാകുകയും സമാജ് വാദി പാര്ട്ടിക്ക് ദേശീയ തലത്തില് നിര്ണ്ണായക ശക്തിയാകാന് അവസരം കിട്ടുകയും ചെയ്ത പശ്ചാത്തലത്തില് അഖിലേഷ് യാദവ് ദേശീയ തലത്തില് പ്രവര്ത്തിക്കണമെന്ന വികാരമാണ് ഭൂരിപക്ഷം നേതാക്കള്ക്കും കുടുംബത്തിനുമെന്നും റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഉത്തര്പ്രദേശില് ബിജെപിയെ തടഞ്ഞു നിര്ത്താന് സാധിച്ചത് അഖിലേഷിന്റെ പ്രതിച്ഛായയും നേതൃമികവുമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഉത്തര്പ്രദേശില് സമാജ് വാദി പാര്ട്ടി ഉണ്ടാക്കിയിരിക്കുന്ന മുന്നേറ്റം ദേശീയ കാഴ്ചപ്പാടില് വിലയിരുത്തണമെന്ന കാഴ്ചപ്പാടാണ് എസ്പി നേതൃത്വത്തിനുള്ളത്. ബിജെപിയുടെ ഹിന്ദുത്വയെ നേരിടാന് ഉത്തര്പ്രദേശിലെ എല്ലാ സാമുദായിക വിഭാഗവും എസ്പിയുടെ പിന്നില് അണിനിരന്നുവെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അഖിലേഷ് യാദവിന്റെ കരിസ്മാറ്റിക് ഇമേജ് എസ്പിക്ക് മുതല്ക്കൂട്ടാണെന്നും ഇത് ദേശീയ തലത്തില് പാര്ട്ടിയുടെ വളര്ച്ചയ്ക്ക് ഉപയോഗിക്കണമെന്നുമാണ് നേതാക്കളുടെ പൊതുവികാരം.

2019ല് 62 സീറ്റുകള് നേടിയ ബിജെപിക്ക് 2024 നേടാന് സാധിച്ചത് 33 സീറ്റുകളാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ബിജെപിയുടെ സാധ്യതകള്ക്ക് വിഘാതമായത് യുപിയില് സമാജ്വാദി പാര്ട്ടിയുടെ മുന്നേറ്റമായിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 37 സീറ്റുകളിലായിരുന്നു സമാജ് വാദി പാര്ട്ടിയുടെ വിജയം. കോണ്ഗ്രസും ബിജെപിയും കഴിഞ്ഞാല് ലോക്സഭയില് ഏറ്റവും കൂടുതല് അംഗസംഖ്യയുള്ള പാര്ട്ടിയായും എസ്പി മാറിയിരുന്നു. 2004 ഒന്നാം യുപിഎ സര്ക്കാര് രൂപീകരിച്ച ഘട്ടത്തില് 35 സീറ്റ് നേടിയ എസ്പി ദേശീയ തലത്തില് നിര്ണ്ണായക ശക്തിയായി മാറിയിരുന്നു. അന്ന് മുലയംസിങ്ങ് യാദവിന്റെ നേതൃത്വത്തില് എസ് പി മന്ത്രിസഭയാണ് അധികാരത്തില് ഉരുന്നത്. 2004ലെക്കാള് രണ്ട് സീറ്റ് അധികം നേടി ദേശീയ തലത്തില് വീണ്ടുമൊരു ശ്രദ്ധേയ വിജയം നേടുമ്പോള് ഉത്തര്പ്രദേശില് എസ്പി പ്രതിപക്ഷത്താണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില് 18.11 ശതമാനം മാത്രം വോട്ടുകള് നേടിയ സമാജ് വാദി പാര്ട്ടി ഇത്തവണ 33.38 എന്ന നിലയിലേയ്ക്കാണ് വോട്ടിങ്ങ് ശതമാനം ഉയര്ത്തിയിരിക്കുന്നത്. യുപിയില് ആകെയുള്ള 80 സീറ്റില് 42ലും വിജയിച്ചത് ഇന്ഡ്യ സഖ്യമായിരുന്നു. കോണ്ഗ്രസിന് ഇത്തവണ എട്ട് സീറ്റുകളില് വിജയിക്കാനായിരുന്നു.

അഖിലേഷ് യാദവിന്റെ'പിച്ച്ദേ, ദളിത്, അൽപസംഖ്യക്' തന്ത്രമായിരുന്നു ഇത്തവണ ഉത്തർപ്രദേശിൽ വിജയം കണ്ടത്. പരമ്പരാഗത മുസ്ലിം-യാദവ് സമവാക്യത്തിന് പകരം യാദവ ഇതര പിന്നാക്കവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകി അഖിലേഷ് യാദവ് സംസ്ഥാനത്തെമ്പാടും നടത്തിയ പുതിയ പരീക്ഷണമാണ് ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണശാലയിൽത്തന്നെ വിജയം കണ്ടത്. മുലായം സിങ്ങിന്റെ കാലത്തെ മുസ്ലിം-യാദവ കോമ്പിനേഷന് മാറ്റിപ്പിടിച്ച്, യാദവ ഇതര പിന്നാക്ക ജാതി വിഭാഗങ്ങള്ക്ക് സീറ്റ് വിതരണത്തില് പരമാവധി പ്രാതിനിധ്യം ഉറപ്പിച്ചിച്ച അഖിലേഷ് തന്ത്രമായിരുന്നു 'പിച്ച്ദേ, ദളിത്, അൽപസംഖ്യക്'. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് നിന്നും മാറി സ്വാധീനശേഷിയില്ലാത്ത ജാതിവിഭാഗങ്ങളെയും സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് ഉള്പ്പെടുത്താന് ഇത്തവണ സമാജ് വാദി പാര്ട്ടി തയ്യാറായിരുന്നു.

2014 മുതല് ബിജെപിക്ക് പിന്നില് അണിനിരക്കുന്ന ഈ വിഭാഗത്തെയും ഒപ്പം കൂട്ടാനുള്ള നീക്കമാണ് ഇതിലൂടെ സമാജ് വാദി പാര്ട്ടി നടത്തിയത്. ഒരു ജനറല് സീറ്റിലേയ്ക്ക് ദളിത് സ്ഥാനാര്ത്ഥിയെ നിര്ത്താനും എസ് പി നേരത്തെ തീരുമാനിച്ചിരുന്നു. അത് അയോധ്യയിൽ നടപ്പാക്കുകയും അതിൽ അഖിലേഷ് വിജയിക്കുകയും ചെയ്തു.

26 സീറ്റുകളാണ് യാദവ ഇതര പിന്നാക്ക സമുദായങ്ങള്ക്ക് സമാജ് വാദി പാര്ട്ടി ഇത്തവണ നല്കിയിത്. കുര്മി വിഭാഗത്തില് നിന്നും ഒന്പത്, മൗര്യ, സാക്യ, കുഷ്വഹ തുടങ്ങിയ വിഭാഗങ്ങളില് നിന്നുള്ള ആറ്, നിഷാദ വിഭാഗത്തില് നിന്ന് നാല് എന്നിങ്ങനെയായിരുന്നു എസ്പി യാദവ ഇതര വിഭാഗങ്ങള്ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകള്. 17 സംവരണ സീറ്റുകളിലും ഇത്തവണ വളരെ സൂക്ഷ്മതയോടെയാണ് എസ്പി സീറ്റ് വിതരണം പൂര്ത്തിയാക്കിയത്. ബിഎസ്പിയുമായി ചേര്ന്ന് നില്ക്കുന്ന ജാതവ വിഭാഗത്തെ പോലെ തന്നെ ജാതവ ഇതര വിഭാഗത്തെയും സംവരണ സീറ്റുകളില് സ്ഥാനാര്ത്ഥികളായി പരിഗണിക്കുന്നതില് എസ്പി ജാഗ്രത കാണിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us