പൂനെ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അയോധ്യയിലെ ജനങ്ങൾ ക്ഷേത്ര രാഷ്ട്രീയം തിരുത്തിയെന്ന് എൻസിപി തലവൻ ശരദ് പവാർ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 300-ലധികം സീറ്റുകൾ നേടിയിരുന്ന ബിജെപി ഭൂരിപക്ഷത്തിനും താഴെയാണ് ഇത്തവണ നേടിയത്. അതിൽ 60 സീറ്റുകൾ കുറഞ്ഞതിൽ ഉത്തർപ്രദേശ് ഒരു പ്രധാന കാരണമാണ്. അവിടെയുള്ള ആളുകൾ വ്യത്യസ്തമായ ജനവിധിയാണ് നൽകിയതെന്നും ശരദ് പവാർ പറഞ്ഞു.
രാമക്ഷേത്രം തിരഞ്ഞെടുപ്പിന്റെ അജണ്ടയായിരിക്കുമെന്നും അതുവഴി ബിജെപിക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ നമ്മുടെ രാജ്യത്തെ ജനങ്ങൾ ബുദ്ധിയുളളവരാണ്. ക്ഷേത്രത്തിന്റെ പേരിൽ വോട്ട് തേടുന്നവർക്ക് എതിരെ ജനങ്ങൾ മറിച്ചൊരു നിലപാടാണ് സ്വീകരിച്ചതെന്നും പവാർ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് അജണ്ടയായി അയോധ്യ രാമക്ഷേത്രത്തെ ഉപയോഗിക്കുന്നതിൽ എല്ലാവരും ഭയപ്പെട്ടിരുന്നു. ക്ഷേത്രത്തിൻ്റെ രാഷ്ട്രീയം എങ്ങനെ തിരുത്താമെന്ന് അയോധ്യയിലെ ജനങ്ങൾ കാണിച്ചുകൊടുത്തുവെന്നും പവാർ പറഞ്ഞു. ഇന്ത്യയിലെ ജനാധിപത്യം അചഞ്ചലമായിരിക്കുന്നത് രാഷ്ട്രീയം കൊണ്ടല്ല, മറിച്ച് ജനങ്ങളുടെ കൂട്ടായ മനസ്സാക്ഷി മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ് പരാജയപ്പെട്ടിരുന്നു. സമാജ്വാദി പാർട്ടി സ്ഥാനാർഥി അവദേഷ് പ്രസാദ് 54,567 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
കഴിഞ്ഞ 10 വർഷമായി, അധികാരത്തിലുള്ളവർ തീവ്രമായ നിലപാടുകളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ ജനങ്ങൾ അവരെ താഴെയിറക്കി. നരേന്ദ്ര മോദി സർക്കാർ വീണ്ടും രൂപീകരിച്ചു. പക്ഷേ അതിനായി ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷിൻ്റെയും സഹായം സ്വീകരിക്കേണ്ടി വന്നു. മറ്റുള്ളവരുടെ സഹായത്തോടെ സർക്കാർ നടത്തുമ്പോൾ സ്വന്തം അഭിപ്രായം മാത്രം കണക്കിലെടുത്ത് കാര്യങ്ങൾ തീരുമാനിക്കാൻ കഴിയില്ല. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ എൻഡിഎ സഖ്യകക്ഷികളെ ആശ്രയിക്കുന്നുവെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചതിന് പിന്നാലെയാണ് മോദിക്കെതിരെ പവാറിന്റെ രൂക്ഷ വിമർശനം.
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചുതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പവാറിനെ മോദി അലഞ്ഞുതിരിയുന്ന ആത്മാവ് എന്ന് വിശേഷിപ്പിച്ചതിനെതിരെയും പവാർ പ്രതികരിച്ചു. 'ആത്മാവ് എന്നത് ശാശ്വതമായ ഒന്നാണ്. ഞാനെന്ന ആത്മാവ് നിങ്ങളെ വെറുതെവിടില്ല'- പവാർ പ്രതികരിച്ചു.