ന്യൂഡല്ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎസ് മുഖപത്രമായ ഓർഗനൈസർ. പ്രധാനമന്ത്രിയുടെ പ്രഭാവത്തെയും മറ്റുചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തിരഞ്ഞെടുപ്പ് ജയിക്കാമെന്നു കരുതിയതിൽ പാളിച്ച പറ്റിയെന്നും ജനങ്ങളിലേക്ക് എത്തുന്നതിൽ നേതാക്കൾക്ക് വീഴ്ച്ച പറ്റിയെന്നും ഓർഗൈനസർ കുറ്റപ്പെടുത്തി.
താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേൾക്കാൻ ശ്രമിക്കുന്നില്ല. പാർട്ടിക്കായി സ്വയം സമർപ്പിച്ച മുതിർന്ന നേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെൽഫി കേന്ദ്രീകൃത ആക്ടിവിസ്റ്റുകളെ ഉയർത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളിൽ ആരോപിച്ചു. മുതിർന്ന ആർഎസ്എസ് നേതാവ് രത്തൻ ശാരദ എഴുതിയ ലേഖനവും ഹേമാംഗി സിൻഹ, സന്തോഷ് കുമാർ എന്നിവർ ചേർന്നെഴുതിയ ലേഖനവുമാണ് ബിജെപി യുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. യഥാർത്ഥ പാർട്ടി പ്രവർത്തകർ ധാർഷ്ട്യം കാട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത കാട്ടിയില്ലെന്നും കഴിഞ്ഞദിവസം ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നാഗ്പുരിൽ പറഞ്ഞിരുന്നു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആർഎസ്എസ് നേതാവ് രാംമാധവ് തുടങ്ങിയവർ നേരത്തേ തിരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തി പാർട്ടിയെ വിമർശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ 400 സീറ്റ് ലക്ഷ്യം ബിജെപിയുടെ ലക്ഷ്യമാണെന്നോ പ്രതിപക്ഷത്തെ വെല്ലുവിളിക്കാനാണെന്നോ പ്രവർത്തകർ തിരിച്ചറിഞ്ഞില്ല. താഴെത്തട്ടിൽ നടത്തുന്ന കഠിനാധ്വാനത്തിലൂടെയാണ് ലക്ഷ്യങ്ങൾ നേടുന്നത്. നേതാക്കളും പ്രവർത്തകരും അവരുടെ ചെറുലോകത്ത് അടച്ചിരുന്ന് പ്രധാനമന്ത്രിയുടെ പ്രഭാവം സൃഷ്ടിച്ച അലയൊലികൾ ആസ്വദിക്കുകയായിരുന്നു. പ്രതിപക്ഷ പാർട്ടികളിൽനിന്ന് വൻതോതിൽ നേതാക്കളെ അടർത്തിയെടുത്തത് തെറ്റായിപ്പോയെന്നും പാർട്ടിക്കൊപ്പം കാലങ്ങളായി നിൽക്കുന്നവരെ പരിഗണിക്കാതെ പാർട്ടി മാറി വന്നവരെ സ്ഥാനാർത്ഥികളാക്കിയപ്പോൾ ജനം അവരെ തിരസ്കരിച്ചുവെന്നും ലേഖനം ചൂണ്ടികാട്ടുന്നു.
'ആർഎസ്എസ് നേതാക്കളുള്ള കേസിൽ വീഴ്ചകളുണ്ടാകുന്നു'; റിയാസ് മൗലവി കേസിൽ വിമർശനവുമായി സമസ്ത മുഖപത്രം