
ന്യൂഡല്ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ പുനര് നിയമിച്ച് കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്സിപ്പല് സെക്രട്ടറിയായി പി കെ മിശ്രയെയും മന്ത്രിസഭാ നിയമന സമിതി പുനര്നിയമിച്ചു. ഇതോടെ ഇരുവരും ദീര്ഘകാലം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പദവി വഹിക്കുന്നവരാകും. ജൂണ് 10ന് ഇരുവരുടെയും നിയമനം പ്രാബല്യത്തില് വരും.
2014 ല് ഒന്നാം നരേന്ദ്രമോദി സര്ക്കാര് അധികാരമേറ്റതിന് പിന്നാലെയാണ് ഇന്ത്യയുടെ അജിത് ഡോവല് ദേശീയ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത്. ചുമതലയില് തുടരാന് താല്പര്യമില്ലെന്ന് അജിത് ഡോവല് അറിയിച്ചതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. എന്നാല് ചുമതലയില് തുടരാന് പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
1968 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അജിത് ഡോവല് 20 വര്ഷമായി ചൈനയുമായുള്ള അതിര്ത്തി ചര്ച്ചകള്ക്കുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധിയാണ്. രാജ്യത്തിന്റെ ഭീകര വിരുദ്ധ നീക്കങ്ങള്ക്ക് ചുക്കാന് പിടിക്കുന്നയാളായാണ് അജിത് ഡോവല് അറിയപ്പെടുന്നത്. ന്യൂക്ലിയര് വിഷയങ്ങളിലും പ്രഗത്ഭനാണ്.
1972 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മിശ്ര. അഗ്രികള്ച്ചറല് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറിയായി ചുമതലയേറ്റത്.