കുവൈറ്റിലെ തീപിടിത്തം; മൃതദേഹങ്ങളുടെ ഡിഎന്എ പരിശോധന തുടരുകയാണെന്ന് കേന്ദ്ര മന്ത്രി

'കൊല്ലപ്പെട്ട ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്'

dot image

ന്യൂഡല്ഹി: കുവൈറ്റിലെ തീപിടിത്തത്തില് കൊല്ലപ്പെട്ട ചില ഇന്ത്യക്കാരുടെ മൃതദേഹങ്ങള് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നും ഇവ തിരിച്ചറിയുന്നനതിനുള്ള ഡിഎന്എ പരിശോധന തുടരുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്ത്തി വര്ധന് സിംഗ് പറഞ്ഞു. മൃതദേഹങ്ങള് തിരിച്ചറിഞ്ഞാലുടന് ബന്ധുക്കളെ വിവരമറിയിക്കുമെന്നും വ്യോമസേനാ വിമാനം മൃതദേഹങ്ങള് തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ കണക്കുകള് പ്രകാരം, തീപിടിത്തത്തില് 48 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അതില് 42 പേര് ഇന്ത്യക്കാരാണെന്നാണ് വിവരമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തെ തുടര്ന്ന് കീര്ത്തി വര്ധന് സിംഗ് ഇന്നലെ വൈകീട്ട് കുവൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. ഇന്നലെ പുലര്ച്ചെയാണ് ആറ് നില കെട്ടിടത്തില് തീപിടിത്തമുണ്ടായത്. ഏകദേശം 200 ഓളം ആളുകള് കെട്ടിടത്തില് താമസിക്കുന്നുണ്ടായിരുന്നു. മിക്ക മരണങ്ങളും ഉറങ്ങുമ്പോള് പുക ശ്വസിച്ചാണ് സംഭവിച്ചതെന്ന് അധികൃതര് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി തന്റെ വസതിയില് ചേര്ന്ന ഉന്നതതല യോഗത്തില് ദാരുണമായ സംഭവം അവലോകനം ചെയ്യുകയും തീപിടുത്തത്തില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയിരുന്നു. ദുരന്തത്തില് നിന്ന് അതിജീവിച്ചവരാണ് ഗുരുതരമായ പൊള്ളലേറ്റ മൃതദേഹങ്ങള് തിരിച്ചറിയാന് ഉദ്യോഗസ്ഥരെ സഹായിക്കുന്നതെന്നാണ് വിവരം ലഭിച്ചതെന്ന് കീര്ത്തി വര്ധന് സിംഗ് പറഞ്ഞു.

വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല് യഹ്യയുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് പൂര്ണ്ണമായി അന്വേഷിക്കുമെന്നും ഉത്തരവാദിത്തം ഉറപ്പിക്കുമെന്നും അബ്ദുല്ല അലി അല് യഹ്യ ഉറപ്പുനല്കി. ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള് എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ജയശങ്കര് അദ്ദേഹത്തോട് അറിയിച്ചു. ഇതിനിടെ 160ലധികം പേര് കെട്ടിടത്തില് എങ്ങനെ താമസിച്ചുവെന്ന് പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമയ്ക്കും തൊഴിലാളികളുടെ ചുമതലക്കാരനായ വ്യക്തിക്കും എതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ദുരന്തത്തില് 14 മലയാളികള് മരിച്ചെന്നാണ് അവസാനം ലഭിക്കുന്ന കണക്ക്. പത്തനംതിട്ടയില് നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസര്ഗോഡ്, മലപ്പുറം, കോട്ടയം എന്നിവിടങ്ങളില് നിന്നുള്ള രണ്ട് പേരും കണ്ണൂരില് നിന്നുള്ള ഒരാളുമാണ് കുവൈത്തിലെ തീപിടിത്തത്തില് മരിച്ചത്.

പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു സംഭവം നടന്നത്. കെട്ടിടത്തിലെ തീ പൂര്ണ്ണമായും അണഞ്ഞിട്ടുണ്ട്. ഇന്നലെ പുലര്ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില് തീപിടിത്തമുണ്ടായത്.

'തീഗോളം വിഴുങ്ങിയ പ്രഭാതം'; കുവൈറ്റിലെ പ്രവാസികളുടെ സ്വപ്നങ്ങളെ തീ വിഴുങ്ങിയപ്പോൾ

ഷോര്ട് സര്ക്യൂട്ടില് നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടര്ന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്ന്ന സാഹചര്യത്തില് പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില് നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില് പലരും ചികിത്സയിലാണ്. ഇവരില് ചിലര് മരിച്ചതായും വിവരമുണ്ട്. തീപടര്ന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചിരിക്കുന്നതെന്നും റിപ്പോര്ട്ടുണ്ട്. തൊഴിലാളികള് ജോലി കഴിഞ്ഞ് വന്ന് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us