ബെംഗളൂരു: കര്ണാടക മുന്മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ബി എസ് യെദ്യൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് യെദ്യൂരപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ആവശ്യപ്രകാരമാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ജൂണ് 12ന് ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റിന് മുന്നില് ഹാജരാകാന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. ഡല്ഹിയിലായതിനാല് ജൂണ് 18ന് മാത്രമേ ഹാജരാകാന് കഴിയൂവെന്ന് യെദ്യൂരപ്പ അറിയിക്കുകയായിരുന്നു.
പോക്സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച യെദ്യൂരപ്പ കര്ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. യെദ്യൂരപ്പയ്ക്കെതിരായ കേസില് ക്രിമിനല് ഇന്വെസ്റ്റിഗേഷന് ഡിപ്പാര്ട്ട്മെന്റ് മെല്ലപ്പോകുകയാണെന്ന് ആരോപിച്ച് ലൈംഗികാതിക്രമത്തിന് ഇരയായ പെണ്കുട്ടിയുടെ സഹോദരന് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പയും കോടതിയെ സമീപിച്ചത്. യെദ്യൂരപ്പയുടെയും പെണ്കുട്ടിയുടെ സഹോദരന്റെയും ഹര്ജികള് ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്ട്ടുകള്. കേസില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്കുട്ടിയുടെ അമ്മ കര്ണാടക ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നതായും സഹോദരന്റെ ഹര്ജിയില് പറയുന്നുണ്ട്.
തനിക്കെതിരായ കേസ് തെറ്റാണെന്നും ക്രിമിനല് നടപടി ചട്ടത്തിലെ സെക്ഷന് 482 പ്രകാരം കേസ് റദ്ദാക്കണമെന്നുമാണ് യെദ്യൂരപ്പയുടെ ഹര്ജിയിലെ ആവശ്യം. നേരത്തെ കേസില് യെദ്യൂരപ്പയുടെ ശബ്ദ സാമ്പിള് അന്വേഷണ സംഘം ശേഖരിച്ചിരുന്നു. നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്കുട്ടിയുടെ 164 സ്റ്റേറ്റ്മെന്റ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ശബ്ദസാമ്പില് ശേഖരിക്കുന്നതിനായി അന്വേഷണ സംഘത്തിന് മുന്നില് ഹാജരാകാന് ആവശ്യപ്പെട്ടിരുന്നു. സംഭവദിവസം പെണ്കുട്ടിയുടെ അമ്മ റെക്കോര്ഡ് ചെയ്ത വീഡിയോയിലെ ശബ്ദവുമായി ഒത്തുനോക്കുന്നതിനായിരുന്നു അന്വേഷണസംഘം യെദ്യൂരപ്പയുടെ ശബ്ദ സാമ്പില് പരിശോധിച്ചത്. ശബ്ദസാമ്പിളിന് ഫോറന്സിക് പരിശോധനയില് വീഡിയോയിലെ ശബ്ദവുമായി സാമ്യമുണ്ടെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ 2015ല് ബന്ധു ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് സഹായത്തിനായി കാണാന് പോയപ്പോള് യെദ്യൂരപ്പ പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.