മുംബൈ: കൊല്ലപ്പെട്ട ഷീന ബോറയുടെ അസ്ഥികളുടെ ഭാഗം നഷ്ട്ടപ്പെട്ടതായി സിബിഐ വിചാരണ കോടതിയെ അറിയിച്ചു. ഫോറന്സിക് വിദഗ്ദ്ധന് ഡോ. സെബാ ഖാന്റെ വിസ്താര വേളയിലാണ് സിബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് തെളിയിക്കുന്നതിന് ആവശ്യമായ നിര്ണ്ണായക ഫോറന്സിക് തെളിവ് നഷ്ട്ടപ്പെട്ടെന്നാണ് സിബിഐയുടെ വിശദീകരണം. 2012ല് പൊലീസ് കണ്ടെടുത്ത അവശിഷ്ടങ്ങളാണ് ഇപ്പോള് സിബിഐയുടെ കൈയ്യില് നിന്ന് നഷ്ട്ടപ്പെട്ടത്.
പൊലീസ് കണ്ടെടുത്ത മൃതദേഹ അവശിഷ്ടങ്ങള് പരിശോധനക്കായി മുംബൈ ജെ ജെ ആശുപത്രിയിലേക്ക് അയച്ചിരുന്നു. ഈ അവശിഷ്ടം പരിശോധിച്ച് ഡോ സെബാ ഖാന്റെ നേതൃത്വത്തിലുള്ള ഫോറന്സിക് വിദഗ്ധർ അസ്ഥികളുടെ പരിശോധന നടത്തി ഇത് മനുഷ്യന്റെ അസ്ഥികളാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കേസില് നിര്ണ്ണായക തെളിവായിരുന്നു. എന്നാല്, അസ്ഥികള് അടങ്ങിയ രണ്ട് പാക്കറ്റുകള് ഇപ്പോള് കാണാനില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര് കോടതിയെ അറിയിച്ചത്.
2012ല് മുംബൈ മെട്രോയില് ജോലിചെയ്തിരുന്ന ഷീന ബോറയെ അമ്മ ഇന്ദ്രാണി മുഖര്ജിയും മുന് ഭര്ത്താവ് സഞ്ജീവ് ഖന്നയും ഡ്രൈവര് ശ്യാംവയര് റായിയും ചേര്ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്ന്ന് മൃതദേഹം കാടിന്റെ ഉള്ഭാഗത്തുകൊണ്ടുപോയി കത്തിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തല്. എന്നാല്, കൃത്യം നടന്ന് മൂന്ന് വര്ഷം കഴിഞ്ഞ് 2015ലാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. കേസിന്റെ വിചാരണ നീളുന്ന സാഹചര്യത്തില് 2022 മേയില് പ്രതിയായ ഇന്ദ്രാണി മുഖര്ജിക്ക് ജാമ്യം അനുവദിച്ചിരുന്നു.