ന്യൂഡല്ഹി: ബിഹാര് മുഖ്യമന്ത്രിയും ജെഡിയു അദ്ധ്യക്ഷനുമായ നിതീഷ് കുമാറിനെ കടന്നാക്രമിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. മോദിയുടെ കാല് തൊട്ടുവഴങ്ങിയ നിതീഷ് കുമാര് ബിഹാറിന് നാണക്കേട് ഉണ്ടാക്കിയെന്ന് പ്രശാന്ത് കിഷോര് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര് തന്റെ മനസാക്ഷി വില്ക്കാന് വെച്ചിരിക്കുകയാണെന്നും പ്രശാന്ത് കിഷോര് പറഞ്ഞു. ബിഹാറിലെ ഭഗല്പൂരില് പൊതുജനറാലിയില് പ്രസംഗിക്കുകയായിരുന്നു ജന് സൂരജ് പാര്ട്ടി അധ്യക്ഷന് കൂടിയായ പ്രശാന്ത്.
' നേരത്തെ ഒരുമിച്ചു പ്രവര്ത്തിച്ച നിതീഷ് കുമാറിനെ ഞാന് എന്തുകൊണ്ട് വിമര്ശിക്കുന്നു എന്നാണ് ജനം ചോദിക്കുന്നത്. അദ്ദേഹം പിന്നീട് മറ്റൊരാളായിരുന്നു. നിതീഷ് കുമാറിന്റെ മനസാക്ഷി വില്ക്കാന് വെച്ചിരിക്കുകയാണ്.' പ്രശാന്ത് കിഷോര് പറഞ്ഞു.
'ഒരു സംസ്ഥാനത്തിന്റെ നേതാവ് ജനങ്ങള്ക്ക് അഭിമാനം കൂടിയാണ്. എന്നാല് മോദിയുടെ കാല് തൊട്ട് വന്ദിച്ചതിലൂടെ നിതീഷ് കുമാര് ബിഹാറിലെ ജനങ്ങള്ക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. മോദി സര്ക്കാരിന് ഭരണത്തുടര്ച്ചയുണ്ടായതില് നിതീഷ് കുമാറിന്റെ പങ്കിനെക്കുറിച്ച് ചര്ച്ച നടക്കുകയാണ്. എന്നാല് ഈ അധികാരം നിതീഷ് കുമാര് വിനിയോഗിക്കുന്നുണ്ടോ? സംസ്ഥാനത്തെ യുവാക്കള്ക്ക് തൊഴിലസവരം ഉണ്ടാക്കണമെന്ന് നിതീഷ് കുമാര് ആവശ്യപ്പെട്ടില്ല. ദീര്ഘകാലമായുള്ള ആവശ്യമായ ബിഹാറിന്റെ പ്രത്യേക പദവി പോലും അദ്ദേഹം ആവശ്യപ്പെടുന്നില്ല.' പ്രശാന്ത് കിഷോര് പറഞ്ഞു. പകരം, ബിജെപി പിന്തുണയില് 2025 ന് ശേഷവും മുഖ്യമന്ത്രി പദം നിലനിര്ത്തണമെന്നാണ് നിതീഷ് ആഗ്രഹിക്കുന്നതെന്നും പ്രശാന്ത് കിഷോര് വിമര്ശിച്ചു.
എന്ഡിഎ യോഗത്തില് വെച്ചായിരുന്നു നിതീഷ് കുമാര് രണ്ടാം തവണയും മോദിയുടെ കാലില് തൊട്ടത്. നേരത്തെ ബിഹാറിലെ നവാഡയില് നടന്ന റാലിയിലും നിതീഷ് മോദിയുടെ കാലില് പിടിച്ചിരുന്നു. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷം വേദിയില് ഇരിക്കുകയായിരുന്ന നരേന്ദ്ര മോദിയുടെ കാലില് തൊട്ട് വണങ്ങുകയായിരുന്നു.