മുംബൈ: പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ കേസില് പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നല്കിയത് അധികാര ദുര്വിനിയോഗമെന്ന് എന്സിപി നേതാവ് ശരദ് പവാര്. 2010 ലെ യുഎപിഎ കേസിലാണ് അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന് ദില്ലി. ലഫ്. ഗവര്ണര് വിനയ് കുമാര് സക്സേന അനുമതി നല്കിയത്.
'മറ്റൊന്നുമല്ല, തികച്ചും അധികാര ദുര്വിനിയോഗം' എന്നായിരുന്നു നടപടിയെ അപലപിച്ച് ശരദ് പവാര് പ്രതികരിച്ചത്. മഹാരാഷ്ട്രയില് പ്രതിപക്ഷ സഖ്യമായ മഹാവിഘാസ് അഘാഡി സഖ്യ നേതാക്കളുടെ സംയുക്ത വാര്ത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.
അരുന്ധതി റോയിക്കെതിരായ നടപടി രാഷ്ട്രീയപ്രേരിതമെന്ന് മനുഷ്യാവകാശ സംഘടനയായ പിപ്പീള്സ് യൂണിയന് ഓഫ് സിവില് ലിബര്ട്ടീസും പ്രതികരിച്ചു.
2010 ഒക്ടോബര് 21ന് 'ആസാദി ദ ഓണ്ലി വേ' എന്ന ബാനറില് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പരിപാടിയില് അരുന്ധതി പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു കേസ്. കശ്മീരുമായി ബന്ധപ്പെട്ടാണ് പ്രകോപനപരമായ പ്രസംഗം നടത്തിയതെന്ന് പൊലീസ് എഫ്ഐആറില് സൂചിപ്പിക്കുന്നുണ്ട്. കാശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, പാര്ലമെന്റ് ആക്രമണ കേസിലുള്പ്പെട്ടിരുന്ന ഡല്ഹി സര്വ്വകലാശാല അധ്യാപകന് സയ്യിദ് അബ്ദുള് റഹ്മാന് ഗീലാനി എന്നിവരും കേസില് പ്രതികളാണ്.