ന്യൂഡല്ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനെ (ഇവിഎം) സംബന്ധിച്ച് സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോണ് മസ്കും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും തമ്മില് വാദപ്രതിവാദം. മെഷിന് ഹാക്ക് ചെയ്യപ്പെടാനുള്ള ഉയര്ന്ന സാധ്യതകള് ചൂണ്ടിക്കാട്ടിയാണ് ഇലോണ് മസ്ക് 'എക്സ്' പോസ്റ്റിലൂടെ രംഗത്ത് വന്നത്. ഇതിനുപിന്നാലെ എതിര്വാദവുമായി മുന് ഐടി മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറും സോഷ്യല് മീഡിയയിലെത്തി.
ഇവിഎമ്മുകള് എ ഐ സംവിധാനം വഴി ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല് തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് തന്റെ സോഷ്യല് മീഡിയ വഴി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ ഇവിഎമ്മുകളില് അത്തരത്തില് യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര് പ്രതികരിച്ചത്.
സുരക്ഷിത ഡിജിറ്റല് ഹാര്ഡ് വെയര് നിര്മ്മിക്കാന് ആര്ക്കും കഴിയില്ലെന്ന് സൂചിപ്പിക്കുന്ന ഒരു വലിയ സാമാന്യവല്ക്കരണ പ്രസ്താവനയാണ് മസ്ക് നടത്തിയിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര് അഭിപ്രായപ്പെട്ടു. 'തീര്ത്തും തെറ്റാണിത് മസ്കിന്റെ വീക്ഷണം. യുഎസിലും മറ്റ് സ്ഥലങ്ങളിലും ബാധകമായേക്കാം -ഇന്റര്നെറ്റ് കണക്റ്റ് ചെയ്ത വോട്ടിംഗ് മെഷീനുകള് നിര്മ്മിക്കുന്നതിന് അവര് സാധാരണ കമ്പ്യൂട്ട് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നു. എന്നാല്, ഇന്ത്യന് ഇവിഎമ്മുകള് ഇഷ്ടാനുസൃതമായി രൂപകല്പ്പന ചെയ്തതാണ്. ഏതെങ്കിലും നെറ്റ്വര്ക്കില് നിന്നോ മീഡിയയില് നിന്നോ സുരക്ഷിതവും ഒറ്റപ്പെട്ടതുമാണവ. കണക്റ്റിവിറ്റി ഇല്ല, ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്നെറ്റ് എന്നിവ ഇല്ല. അതായത്, ഫാക്ടറി പ്രോഗ്രാം ചെയ്ത കണ്ട്രോളറുകള് റീപ്രോഗ്രാം ചെയ്യാന് കഴിയില്ല,' മസ്കിന് മറുപടിയായി രാജീവ് ചന്ദ്രശേഖര് പറഞ്ഞു.
We should eliminate electronic voting machines. The risk of being hacked by humans or AI, while small, is still too high. https://t.co/PHzJsoXpLh
— Elon Musk (@elonmusk) June 15, 2024
തൊട്ടുപിന്നാലെ തന്നെ രാജീവ് ചന്ദ്രശേഖറിന് മറുപടിയായി 'എന്തും ഹാക്ക് ചെയ്യാം' എന്നാണ് മസ്കും പറഞ്ഞുത്. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്ത്ഥി റോബര്ട്ട് എഫ്. കെന്നഡി ജൂനിയര്, പ്യൂര്ട്ടോറിക്കോയിലെ പ്രൈമറി തിരഞ്ഞെടുപ്പുകളില് ഉപയോഗിച്ച ഇവിഎമ്മുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള് ഉയര്ത്തിക്കാട്ടിയതിന് പിന്നാലെയായിരുന്നു മസ്കിന്റെ പ്രസ്താവന. എന്നാല്, ഇതിനിടെ മസ്കിന്റെ പ്രസ്താവന ആയുധമാക്കി വോട്ടിംഗ് മെഷീനുകള്ക്ക് എതിരെ രാഹുല് ഗാന്ധിയും രംഗത്തെത്തി. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകള് ആര്ക്കും പരിശോധനക്കാനാകാത്ത ബ്ലാക്ക് ബോക്സുകളാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയില് ഗുരുതര ആശങ്കകളുണ്ടെന്നും രാഹുല് അഭിപ്രായപ്പെട്ടു.