ഹൈദരാബാദ്: മക്കൾ തങ്ങളേക്കാൾ മികച്ച ജോലി നേടുന്നത് ഏതൊരു രക്ഷിതാവിനും സന്തോഷമുള്ള കാര്യമായിരിക്കും. തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നതും അങ്ങനെ മകൾ കാരണം അഭിമാനം കൊണ്ട് നിറയുന്ന ഒരു അച്ഛന്റെ വാർത്തയാണ്. തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഓഫ് പൊലീസ് എൻ വെങ്കരേശ്വരലുവാണ് ആ പിതാവ്. മകളാവട്ടെ, ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസി (ഐഎഎസ്)ലേക്ക് എത്തിയ ഉമ ഹരതി.
ഇപ്പോൾ തെലങ്കാനയിൽ ട്രെയിനിങ്ങിലാണ് ഉമ ഹരതി. ഒരു സെമിനാറിനായി ഹരതി തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെത്തിയപ്പോഴാണ് അപൂർവ്വമായ ആ സംഭവമുണ്ടായത്. അച്ഛൻ വെങ്കരേശ്വരലു മകൾ ഹരതിയെ സല്യൂട്ട് ചെയ്തതാണ് ആ അപൂർവ്വ നിമിഷം.
2022 ലാണ് ഉമ ഹരതി യുപിഎസ്സി സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ചത്. മൂന്നാം റാങ്കായിരുന്നു ഹരതിക്ക്. പുറത്തുവരുന്ന വീഡിയോയിൽ വെങ്കടേശ്വരലു മകൾക്ക് പൂച്ചെണ്ട് നൽകുന്നുണ്ട്. പിന്നാലെ സല്യൂട്ട് ചെയ്യുന്നു. ട്രെയിനിങ്ങിന്റെ ഭാഗമായാണ് ഹരതി അക്കാദമിയിലെത്തിയത്. ഫാദേഴ്സ് ഡേയുടെ തലേദിവസം ജൂൺ 15നായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ ഈ അച്ഛനും മകളും ഇപ്പോൾ വൈറലാണ്.