ചെന്നൈ: തിരുവണ്ണാമലയിൽ പരിഭ്രാന്തി പരത്തി അഘോരി. പട്ടണത്തിൽ മന്ത്രവാദികൾ വിഹരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ കാറിന്റെ ഡാഷ്ബോർഡിൽ തലയോട്ടിയുമായി സഞ്ചരിച്ച അഘോരി നാട്ടുകാരെ കൂടുതൽ പരിഭ്രാന്തിയിലാക്കി. കാർ തിരുവണ്ണാമല തേരടി റോഡിൽ നിർത്തിയിടുകയായിരുന്നു. ഡാഷ്ബോർഡിൽ പുറത്ത് നിന്ന് കാണാവുന്ന രീതിയിലാണ് തലയോട്ടികൾ പ്രദർശിപ്പിച്ചത്. അഘോരി നാഗസാക്കി എന്നെഴുതിയ നമ്പർ പ്ലേറ്റും ഇതിലുണ്ടായിരുന്നു.
തലയോട്ടികളുള്ള വാഹനം കാണാൻ റോഡിൽ ധാരാളം ആളുകൾ തടിച്ചുകൂടി. വൈകാതെ, വിഷയം തിരുവണ്ണാമല ടൗൺ പൊലീസിൻ്റെ ശ്രദ്ധയിൽ പെടുകയും ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്തെത്തുകയും ചെയ്തു. ഇവർ നടത്തിയ അന്വേഷണത്തിൽ കാറിൻ്റെ ഉടമയെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്തു.
ശനിയാഴ്ച അരുണാചലേശ്വര ക്ഷേത്ര ദർശനത്തിനായി തിരുവണ്ണാമലയിലെത്തിയ വാരണാസിയിൽ നിന്നുള്ള അഘോരിയാണ് ഉടമയെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാൾ ഒരു കുറ്റകൃത്യത്തിലും ഉൾപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഗതാഗതം തടസപ്പെടുത്തിയതിന് 3000 രൂപ പിഴ ചുമത്തി ഇയാളെ വിട്ടയച്ചു.