ന്യൂഡല്ഹി: തെലുങ്കു ദേശം പാര്ട്ടി അവകാശവാദം ഉന്നയിച്ചിരിക്കെ എന്ഡിഎ സര്ക്കാരിലെ സ്പീക്കര് പദവി നിലനിര്ത്താനുള്ള നീക്കത്തില് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പില് 240 സീറ്റില് വിജയിച്ച ബിജെപി സ്പീക്കര് പദവിയില് തുടരാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്. പകരം സഖ്യകക്ഷിയായ ടിഡിപിക്ക് ഡെപ്യൂട്ടി സ്പീക്കര് പദവി നല്കാനാണ് ആലോചന.
18-ാം ലോക്സഭയിലേക്കുള്ള സ്പീക്കര് തിരഞ്ഞെടുപ്പ് ജൂണ് 26നാണ് നടക്കുക. ടിഡിപിയുമായും മറ്റ് സഖ്യകക്ഷികളുമായും അനുനയ ചര്ച്ചകള് നടത്താന് പ്രതിരോധ മന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ രാജ്നാഥ് സിംഗിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കൂടിയാലോചനയിലൂടെ സ്പീക്കര് സ്ഥാനാര്ത്ഥികളെ തിരഞ്ഞെടുക്കാമെന്ന നിലപാടിലാണ് ടിഡിപിയെങ്കില് ബിജെപി എന്ത് തീരുമാനമെടുത്താലും പിന്തുണയ്ക്കുമെന്ന തീരുമാനമാണ് നിതീഷ് കുമാറിന്റെ ജെഡിയു അറിയിച്ചിരിക്കുന്നത്.
'ഭരിക്കുന്ന പാര്ട്ടിക്കായിരിക്കും സ്പീക്കര് പദവി. കാരണം അവരുടെ സീറ്റ് നിലയും ഉയര്ന്നതാണ്. ജെഡിയുവും ടിഡിപിയും എന്ഡിഎ സഖ്യത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും ബിജെപി ഒരു തീരുമാനമെടുത്താല് ഒപ്പം നില്ക്കും' ജെഡിയു നേതാവായ കെ സി ത്യാഗി പ്രതികരിച്ചു. എന്നാല് എന്ഡിഎ കക്ഷികള് ഒരുമിച്ചിരുന്നായിരിക്കും സ്പീക്കര് സ്ഥാനാര്ത്ഥിയെ തീരുമാനിക്കുക, അന്തിമ തീരുമാനത്തെ ടിഡിപിയും പിന്തുണയ്ക്കുമെന്ന് പാര്ട്ടി വക്താവ് പ്രതികരിച്ചു. അതേസമയം ഡെപ്യൂട്ടി സ്പീക്കര് പദവി നല്കിയില്ലെങ്കില് സ്പീക്കര് പദവിയിലേക്ക് സ്ഥാനാര്ത്ഥിയെ മത്സരിപ്പിക്കാനാണ് ഇന്ഡ്യ മുന്നണിയുടെ തീരുമാനം.