'അങ്ങനെയെങ്കില് ടെസ്ല കാറും ഹാക്ക് ചെയ്യാമല്ലോ?' മസ്കിന് രാജീവ് ചന്ദ്രശേഖറിന്റെ 'തർക്കുത്തരം'

ഇവിഎമ്മുകള് എ ഐ സംവിധാനം വഴി ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല് തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് കഴിഞ്ഞ ദിവസം തന്റെ സോഷ്യല് മീഡിയ വഴി ആവശ്യപ്പെട്ടത്.

dot image

ന്യൂഡല്ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചര്ച്ചയില് ടെസ്ല മേധാവി ഇലോണ് മസ്കുമായി വാക്പോര് തുടര്ന്ന് മുന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്. എല്ലാം ഹാക്ക് ചെയ്യപ്പെടും എന്ന മസ്കിന്റെ വാദത്തില് ഇന്റര്നെറ്റുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള് ഹാക്ക് ചെയ്യാന് ആകില്ലെന്ന് ചന്ദ്രശേഖര് ആവര്ത്തിച്ചു. കാല്കുലേറ്ററോ ടോസ്റ്ററോ ഹാക്ക് ചെയ്യാനാകില്ലെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. മസ്കിന്റെ നിരീക്ഷണം സത്യമാണെങ്കില് ടെസ്ല കാറും ഹാക്ക് ചെയ്യപ്പെടും എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വാദം. ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോകത്തിലെ ഏറ്റവും വലിയ പ്രീമിയം ഇലക്ട്രോണിക് കാര് കമ്പനിയായ ടെസ്ല.

'ഇലോണ് മസ്കിനെയും അദ്ദേഹത്തിന്റെ നേട്ടങ്ങളെയും ബഹുമാനിക്കുന്നു. എന്തും ഹാക്ക് ചെയ്യപ്പെടും എന്ന അഭിപ്രായത്തില് അദ്ദേഹത്തിന് വസ്തുതാപിശക് സംഭവിച്ചെന്നാണ് കരുതുന്നത്. ഒരു കാല്കുലേറ്ററോ ടോസ്റ്ററോ ഹാക്ക് ചെയ്യാന് കഴിയില്ല. ഹാക്കിംഗിന് പരിമിധിയുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച് മസ്കിന് ധാരണയില്ലെന്ന് തോന്നുന്നു. ഇന്ത്യന് ഇവിഎമ്മുകള് ഹാക്ക് ചെയ്യാനാകില്ല. മസ്ക് പറഞ്ഞതില് വസ്തുതാപരമായ തെറ്റുണ്ട്. ലോകത്തില് സുരക്ഷിതമായ ഒരു ഡിജിറ്റല് ഉപകരണം പോലും ഇല്ലെന്ന് മസ്ക് പറയുമ്പോള്, ടെസ്ല കാര് കൂടി ഹാക്ക് ചെയ്യാന് കഴിയുമെന്നാണ് പ്രസ്താവിക്കുന്നത്' എന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.

'എല്ലാ വോട്ടിംഗ് യന്ത്രങ്ങളും ഹാക്ക് ചെയ്യാന് കഴിയുമെന്നാണ് മസ്ക് പറയുന്നത്. ഇലോണ് മസ്കിനെ പോലെ ഒരാളുമായി വാദപ്രതിവാദം നടക്കാന് ഞാന് ആരുമല്ല. എന്നാല് അദ്ദേഹത്തിന്റെ പ്രതികരണത്തിലെ സാമാന്യവല്ക്കരണത്തോടാണ് പ്രതികരിക്കുന്നത്. അമേരിക്കക്കാര് അറിയുന്ന ഇവിഎമ്മില് നിന്നും ഇന്ത്യന് വോട്ടിംഗ് യന്ത്രങ്ങള് വളരെ വ്യത്യസ്തമാണ്. കാരണം അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും ഇന്റര്നെറ്റ് ബന്ധിപ്പിച്ച ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ഇവിഎം ഇന്റര്നെറ്റുമായി ബന്ധിപ്പിച്ചതല്ല.' രാജീവ് ചന്ദ്രശേഖര് പറഞ്ഞു.

ഇവിഎമ്മുകള് എ ഐ സംവിധാനം വഴി ഹാക്ക് ചെയ്യപ്പെടാമെന്നും അതിനാല് തന്നെ അവ റദ്ദാക്കണമെന്നുമാണ് മസ്ക് കഴിഞ്ഞ ദിവസം തന്റെ സോഷ്യല് മീഡിയ വഴി ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഇന്ത്യയിലെ ഇവിഎമ്മുകളില് അത്തരത്തില് യാതൊരു തരത്തിലുള്ള ക്രമക്കേടുകളും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര് പ്രതികരിച്ചിരുന്നു.

'മസ്കിന്റെ വീക്ഷണം തീര്ത്തും തെറ്റാണ്. യുഎസിലും മറ്റ് സ്ഥലങ്ങളിലും ബാധകമായേക്കാം -ഇന്റര്നെറ്റ് കണക്റ്റ് ചെയ്ത വോട്ടിംഗ് മെഷീനുകള് നിര്മ്മിക്കുന്നതിന് അവര് സാധാരണ കമ്പ്യൂട്ട് പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നു. എന്നാല്, ഇന്ത്യന് ഇവിഎമ്മുകള് ഈവിധമല്ല രൂപകല്പ്പന ചെയ്തത്. കണക്റ്റിവിറ്റി ഇല്ല, ബ്ലൂടൂത്ത്, വൈഫൈ, ഇന്റര്നെറ്റ് എന്നിവ ഇല്ല. അതായത്, ഫാക്ടറി പ്രോഗ്രാം ചെയ്ത കണ്ട്രോളറുകള് റീപ്രോഗ്രാം ചെയ്യാന് കഴിയില്ല,' എന്നായിരുന്നു മസ്കിന് മറുപടിയായി രാജീവ് ചന്ദ്രശേഖര് പറഞ്ഞത്.

തൊട്ടുപിന്നാലെ തന്നെ രാജീവ് ചന്ദ്രശേഖറിന് മറുപടിയായി 'എന്തും ഹാക്ക് ചെയ്യാം' എന്നും മസ്ക് പറഞ്ഞിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്ത്ഥി റോബര്ട്ട് എഫ്. കെന്നഡി ജൂനിയര്, പ്യൂര്ട്ടോറിക്കോയിലെ പ്രൈമറി തിരഞ്ഞെടുപ്പുകളില് ഉപയോഗിച്ച ഇവിഎമ്മുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകള് ഉയര്ത്തിക്കാട്ടിയതിന് പിന്നാലെയായിരുന്നു മസ്കിന്റെ പ്രസ്താവന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us