ബെംഗളൂരു: പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയെ ചോദ്യം ചെയ്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി). മൂന്ന് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. 81-കാരനായ യെദിയൂരപ്പ ആരോപണങ്ങൾ നിഷേധിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് കോടതി സിഐഡിയെ വിലക്കി. പോക്സോ നിയമപ്രകാരമുള്ള വകുപ്പും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമം സംബന്ധിച്ച വകുപ്പുകളും യെദിയൂരപ്പയ്ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ യെദിയൂരപ്പയുടെ വസതിയിൽ വച്ച് 17 വയസ്സുള്ള തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരു സ്ത്രീ ആരോപിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. 54 കാരിയായ പരാതിക്കാരി ശ്വാസകോശ അർബുദം ബാധിച്ച് കഴിഞ്ഞ മാസം മരിച്ചിരുന്നു. തുടര്ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ മകൻ കോടതിയെ സമീപിച്ചു. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസമായിട്ടും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിട്ടുണ്ട്.
തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ യെദിയൂരപ്പ കോടതിയെ സമീപിച്ചിരുന്നു. തുടര്ന്ന് യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുന്നതില് നിന്ന് സിഐഡിയെ കോടതി വിലക്കിയിരുന്നു. 'ഞാൻ ആരോടും പരാതി പറയുന്നില്ല. കാലം എല്ലാം തീരുമാനിക്കും. സത്യം എന്താണെന്ന് ജനങ്ങൾക്കറിയാം. തട്ടിപ്പ് നടത്തുന്നവരെ ജനങ്ങൾ പാഠം പഠിപ്പിക്കും, യെദിയൂരപ്പ പ്രതികരിച്ചു.