ഡൽഹി: വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ പ്രതിപക്ഷം അനുവദിക്കില്ലെന്ന് നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. രാജ്യത്ത് നിർത്താതെ ചോദ്യപേപ്പർ ചോരുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ നിരവധി യുവാക്കൾ ഇന്ത്യയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നുവെന്ന് പരാതി പറഞ്ഞു. യുദ്ധങ്ങൾ നിർത്തുന്ന നരേന്ദ്രമോദിക്ക് ചോദ്യപേപ്പർ ചോർച്ച തടയാൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ മുന്നിൽ നിൽക്കുന്നത് മോദിയാണ്. ചില സംഘടനകളെ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിടിച്ചെടുക്കുകയാണ് ബിജെപിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇത് രാജ്യദ്രോഹ പ്രവർത്തനമാണ്. ഒരു പരീക്ഷ റദ്ദാക്കി, ഇതിന്റെ കുറ്റക്കാരെ പിടികൂടണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ചോദ്യപേപ്പർ ചോർച്ച തടയാൻ എന്തെല്ലാം ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് പറഞ്ഞിട്ടുണ്ട്. ഇത് സർക്കാരിനെക്കൊണ്ട് നടപ്പാക്കാൻ ശ്രമം തുടരും. യോഗ്യത മാനദണ്ഡമാക്കാതെ പ്രത്യയശാസ്ത്രം നോക്കി ജോലി നൽകിയാൽ ഇങ്ങനെ സംഭവിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന ഇത്തരം കാര്യങ്ങൾ പ്രതിപക്ഷം അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചൊന്നും പ്രധാനമന്ത്രി ചിന്തിക്കുന്നില്ല. സ്പീക്കർ ചർച്ചയിലാണ് പ്രധാനമന്ത്രിക്ക് ശ്രദ്ധ. വാജ്പേയ്, മൻമോഹൻ സിങ് എന്നിവരായിരുന്നെങ്കിൽ ഇതിനെ മറികടക്കാൻ നടപടി ഉണ്ടായേനെ. ഇന്ത്യയിലെ പ്രതിപക്ഷം ശക്തമാണ്. മോദിയുടെ ആശയം എല്ലാവരെയും ഭയപ്പെടുത്തി നിർത്തുക എന്നതായിരുന്നു. എന്നാൽ ഇപ്പോൾ മോദിയെ ആരും ഭയക്കുന്നില്ല. പ്രതിപക്ഷം നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും. പ്രധാനമന്ത്രി മാനസികമായി തകർന്നിരിക്കുകയാണ്. എല്ലാവരെയും ഭയപ്പെടുത്തുകയാണ് മോദിയുടെ അജണ്ട, എന്നാൽ വാരാണസിയിൽ മോദിക്ക് നേരെ ചെരിപ്പ് എറിഞ്ഞത് എല്ലാവരും കണ്ടു. മോദിയുടെ നെഞ്ചളവ് കുറഞ്ഞുവെന്നും രാഹുൽ പരിഹസിച്ചു.
നീറ്റ് ചോദ്യപേപ്പര് ചോര്ച്ചയില് ബിഹാറില് നാല് വിദ്യാര്ത്ഥികള് കൂടി ഇപ്പോൾ അറസ്റ്റിലായിരിക്കുകയാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വെളിപ്പെടുത്തലാണ് ചോദ്യം ചെയ്യലുകളില് പുറത്ത് വരുന്നത്. ചോദ്യപേപ്പര് ചോര്ന്ന് കിട്ടിയതായി വിദ്യാര്ത്ഥികള് സമ്മതിച്ചു. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് വിദ്യാര്ത്ഥികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലില് പരീക്ഷയ്ക്ക് തലേദിവസം ചോദ്യപേപ്പറുകളും ഉത്തരങ്ങളും ലഭിച്ചു എന്നാണ് വിദ്യാര്ത്ഥികളുടെ മൊഴി. പലര്ക്കും അടുത്ത ബന്ധുക്കള് വഴിയാണ് ചോദ്യ പേപ്പറുകള് ലഭിച്ചത്. ആകെ 17 പേരെ നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറില് മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകള് പുറത്ത് വരുന്ന പശ്ചാത്തലത്തില് മോദി സര്ക്കാരിന് എതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടു. എസ്എഫ്ഐ അടക്കമുള്ള വിദ്യാര്ത്ഥി സംഘടനകളും ധര്മേന്ദ്ര പ്രധാന്റെ രാജിക്കായി രംഗത്തുണ്ട്. അന്വേഷണസംഘങ്ങളുടെ റിപ്പോര്ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിശോധിക്കുകയാണ്. കേസ് സിബിഐക്ക് വിടാനാണ് കേന്ദ്ര സര്ക്കാരിന്റെ നീക്കം. വിദ്യാർത്ഥി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധമാണ് നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടിൽ നടക്കുന്നത്.
നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിച്ച 1,563 പരീക്ഷാര്ത്ഥികള്ക്ക് പുനഃപരീക്ഷ നടത്താനാണ് തീരുമാനം. കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില് രണ്ടുപേര് മാത്രം മുഴുവന് മാര്ക്ക് നേടിയപ്പോള് ഇത്തവണ 67 പേര്ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില് ഏഴു പേര് ഒരേ ഇന്സ്റ്റിറ്റ്യൂട്ടില് പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നതും വിഷയം വിവാദമാകുന്നതും.
ഇതിന് പുറമെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തലിനെ തുടർന്ന് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കിയെന്നത് വിഷയത്തിന്റെ ഗൌരവം വർദ്ധിപ്പിക്കുകയാണ്. ജൂൺ 18ന് രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്.
നീറ്റ് തട്ടിപ്പ്: 4 വിദ്യാര്ത്ഥികള് കൂടി അറസ്റ്റില്, 'ചോദ്യപേപ്പറും ഉത്തരങ്ങളും തലേദിവസം കിട്ടി'