ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയെയും മുതിർന്ന നേതാവ് തമിഴിസൈ സൗന്ദർരാജനെയും വിമർശിച്ചതിന്റെ പേരിൽ പ്രധാനപ്പെട്ട നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. ഒബിസി വിഭാഗം നേതാവ് ട്രിച്ചി സൂര്യയെയും ബിജെപി ബൗദ്ധിക സെൽ നേതാവ് കല്യാൺ രാമനെതിരെയുമാണ് നടപടി. ഇരുവരെയും പദവികളിൽ നിന്ന് നീക്കിയതിന് പിന്നാലെ കല്യാൺ രാമന് ഒരു വർഷത്തെ സസ്പെൻഷനും നൽകി.
പാർട്ടി അച്ചടക്കം ലംഘിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കല്യാൺ രാമൻ അണ്ണാമലൈയുടെ രീതികളെയും പ്രവൃത്തികളെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ അണ്ണാമലൈ ഏകാധിപത്യ സ്വഭാവമാണ് പുലര്ത്തുന്നതെന്നും വിമർശനമുണ്ടായിരുന്നു. ട്രിച്ചി സൂര്യ അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങളിൽ തമിഴിസൈ സൗന്ദർരാജനെയും വിമർശിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ദയനീയമായ തോൽവിയാണ് ബിജെപി ഏറ്റുവാങ്ങിയത്. പാർട്ടിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന കോയമ്പത്തൂർ മണ്ഡലത്തിൽ വരെ ദയനീയമായാണ് അണ്ണാമലൈ തോറ്റത്. ഹിന്ദുത്വ രാഷ്ടീയത്തെ ജനങ്ങള് തിരസ്കരിച്ചതല്ല തമിഴ്നാട്ടിൽ ബിജെപിയുടെ മോശം പ്രകടനത്തിനു കാരണമെന്ന് അണ്ണാമലൈ പിന്നീട് പറഞ്ഞിരുന്നു. 1,18068 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ കോയമ്പത്തൂര് സ്ഥാനാര്ത്ഥിയായിരുന്ന കെ അണ്ണാമലൈയെ ഡിഎംകെയുടെ ഗണപതി രാജ്കുമാര് പരാജയപ്പെടുത്തിയത്.