ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് ബിഎസ്പി പ്രവർത്തകർ. മായാവതിക്കെതിരെയും അമർഷം പുകയുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ നേതൃമാറ്റം വേണമെന്നും യുവാക്കളെ പരീക്ഷിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
1984ൽ രൂപീകൃതമായ ശേഷം പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലേത്. 2019ൽ 19.43 ശതമാനം വോട്ട് വിഹിതത്തിൽനിന്ന് 2024ൽ 9.5 ശതമാനമായി പാർട്ടിയുടെ വോട്ട് വിഹിതം താഴ്ന്നു. ഒരു സീറ്റും ജയിക്കാനായില്ല. നേരത്തെ ഉത്തർ പ്രദേശ് നിയമസഭയിൽ വെറും ഒരു സീറ്റിലേക്ക് പാർട്ടി കൂപ്പുകുത്തിയിരുന്നു.
തോൽവി മാത്രമല്ല, പലയിടങ്ങളിലും രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല എന്നതുമാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. 2012ലെ തെരഞ്ഞെടുപ്പ് മുതൽ പാർട്ടി പ്രതിസന്ധിയിലാണ്. എല്ലാ തീരുമാനങ്ങളും ഒറ്റയ്ക്കെടുക്കുന്ന മായാവതി എന്നാൽ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുമില്ല. ഇനി പാർട്ടിക്ക് അതിജീവിക്കണമെങ്കിൽ നേതൃമാറ്റം അത്യാശ്യമാണെന്നും പ്രവർത്തകർ പറഞ്ഞു.
പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിനെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ചെറുപ്പത്തിന്റെ ബലമുണ്ടെങ്കിൽ പാർട്ടിക്ക് പല മണ്ഡലങ്ങളിലും ഉയരാനാകുമെന്നും അവർ കണക്കുകൂട്ടുന്നു. ഇത്തരത്തിൽ പാർട്ടിയിൽ അമർഷം പുകയുമ്പോൾ 23ന് പാർട്ടി നേതാക്കളുടെ യോഗം വിളിച്ചിരിക്കുകയാണ് മായാവതി