അന്ന് ഇറങ്ങിപ്പോയത് വാശിപ്പുറത്ത്;പറഞ്ഞ വാക്ക് പാലിച്ച് ഇന്ന് തിരിച്ചുവരവ്; നായിഡുവിന്റെ മാസ് എൻട്രി

ഇന്ന് ആ വാക്ക് പാലിച്ച്, മുഖ്യമന്ത്രിയായി നിയമസഭയിലെത്തിയ നായിഡുവിനെ എല്ലാ എംഎൽഎമാരും എഴുന്നേറ്റ് നിന്ന് വൻ കയ്യടികളോടെയാണ് സ്വീകരിച്ചത്.

dot image

ഹൈദരാബാദ്: 31 മാസങ്ങൾക്ക് ശേഷം ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് ചന്ദ്രബാബു നായിഡു കാലെടുത്തുവെച്ചപ്പോൾ എങ്ങും ഉയർന്നുകേട്ടത് കയ്യടികളാണ്. നിയമസഭയുടെ ഓരോ മുക്കിലും മൂലയിൽനിന്നുമുള്ള കയ്യടികൾ. വെറുമൊരു തെരഞ്ഞെടുപ്പ് ജയിച്ചുള്ള വരവിനായിരുന്നില്ല ആ കയ്യടി. വൈഎസ്ആർ കോൺഗ്രസ് എംഎൽഎമാരിൽനിന്നും ജഗൻ മോഹൻ റെഡ്ഢിയിൽ നിന്നും തനിക്കും തന്റെ കുടുംബത്തിനും നേരിടേണ്ടിവന്ന കടുത്ത ആക്രമണങ്ങളിൽ മനംനൊന്ത് ഒരു ഉഗ്രൻ ശപഥവുമായാണ് പണ്ട് നായിഡു ഇറങ്ങിപ്പോയത്. ആ ശപഥം നിറവേറ്റിയായിരുന്നു നായിഡുവിന്റെ റീ എൻട്രി !

2019 നവംബർ 21നാണ് നായിഡുവിന്റെ കുടുംബത്തിന് നേരെ വൈഎസ്ആർ കോൺഗ്രസ് എംഎൽഎമാരും ജഗൻ മോഹൻ റെഡ്ഢിയും കടുത്ത ആക്രമണം അഴിച്ചുവിടുന്നത്. തന്റെ ഭാര്യയെയടക്കം ചർച്ചയിലേക്ക് വലിച്ചിട്ടതിൽ പ്രതിഷേധിച്ച് നായിഡു കനത്ത ഭാഷയിൽ വൈഎസ്ആർ എംഎൽഎമാരെ വിമർശിക്കുകയും ജഗൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. താൻ അപമാനിതനായെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയം തനിക്ക് വേണ്ടെന്നും പറഞ്ഞ് ഇറങ്ങിപ്പോയ നായിഡു ഇനി മുഖ്യമന്ത്രിയാകാതെ നിയമസഭയിലേക്ക് കാലുകുത്തില്ല എന്ന ഉഗ്ര ശപഥവുമായാണ് ഇറങ്ങിപ്പോയത്. ഇന്ന് ആ വാക്ക് പാലിച്ച്, മുഖ്യമന്ത്രിയായി നിയമസഭയിലെത്തിയ നായിഡുവിനെ എല്ലാ എംഎൽഎമാരും എഴുന്നേറ്റ് നിന്ന് വൻ കയ്യടികളോടെയാണ് സ്വീകരിച്ചത്.

മാസങ്ങൾക്ക് മുൻപ് നടന്ന ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ടിഡിപി മികച്ച വിജയം നേടിയതോടെ നായിഡു ഒരു കിങ്മേക്കർ ആയി മാറിയിരുന്നു. 16 എംപിമാരെ പാർലമെന്റിലേക്ക് സംഭാവന ചെയ്ത ടിഡിപി ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ ഒരു പ്രധാനപ്പെട്ട സ്വാധീന ശക്തിയായി മാറുകയും ചെയ്തിരുന്നു.

2019 ൽ 23 സീറ്റ് എന്നിടത്തുനിന്ന് 135 സീറ്റെന്ന വമ്പൻ വിജയമാണ് ടിഡിപി 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത്. 112 സീറ്റുകളാണ് ഒറ്റയടിക്ക് അവർ കൂടുതലായി പിടിച്ചെടുത്തത്. അപ്പുറത്ത് ഭരണകക്ഷിയായിരുന്ന വൈഎസ്ആർ കോൺഗ്രസ് വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തി. ജനസേനാ പാർട്ടിക്കും താഴെയാണ് ഇന്ന് വൈഎസ്ആർ കോൺഗ്രസിന്റെ ആന്ധ്രയിലെ സീറ്റ് സ്ഥാനം. 21 സീറ്റ് ജെഎസ്പി നേടിയപ്പോൾ 11 സീറ്റ് മാത്രമാണ് വൈഎസ്ആർസിപിക്ക് ലഭിച്ചത്. ഒരു സീറ്റുപോലും ഇൻഡ്യ മുന്നണിക്ക് ആന്ധ്രയിൽ നേടാനായില്ലെന്നതും ശ്രദ്ധേയമായി. നിർണായക ശക്തിയാകുമെന്ന് കരുതിയ വൈ എസ് ശർമ്മിളയ്ക്കും ഇവിടെ സ്വാധീനം ചെലുത്താനായില്ല. കടപ്പയിൽ നിന്ന് ലോക്സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ശർമ്മിളയ്ക്ക് വിജയിക്കാനായിരുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us