നാലാമത്തെ എംഎൽഎയും കോൺഗ്രസിലേക്ക്; ബിആർഎസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഇത്തവണ പാർട്ടി വിട്ടത് വമ്പൻ

നിരവധി തവണ എംഎൽഎയും മന്ത്രിയുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി തെലങ്കാനയിലെത്തന്നെ മുതിർന്ന രാഷ്ട്രീയനേതാക്കളിൽ ഒരാളാണ്

dot image

ഹൈദരാബാദ്: തെലങ്കാനയിലെ മുതിർന്ന രാഷ്ട്രീയ നേതാവും ബിആർഎസ് മന്ത്രിസഭയിലെ മുൻ മന്ത്രിയും സ്പീക്കറുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി കോൺഗ്രസിൽ ചേരും. പാർട്ടിയിലേക്കുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ ക്ഷണം സ്വീകരിച്ചാണ് ശ്രീനിവാസ റെഡ്ഢി കോൺഗ്രസിൽ ചേരുന്നത്.

പാർട്ടിയിലേക്ക് ക്ഷണിച്ച് തന്നെ രേവന്ത് റെഡ്ഢി കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പോച്ചാറാം ശ്രീനിവാസ റെഡ്ഢി, രേവന്ത് റെഡ്ഢിയുടെ വികസനപ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് കോൺഗ്രസിൽ ചേരുന്നതെന്ന് പറഞ്ഞു. തന്റെ പശ്ചാത്തലം കർഷക കുടുംബമെന്ന് പറഞ്ഞ ശ്രീനിവാസ റെഡ്ഢി കോൺഗ്രസിന് കർഷകരോടുള്ള സമീപനത്തെയും കർഷകർക്ക് വേണ്ടി ചെയ്യുന്ന വികസനപ്രവർത്തനങ്ങളെയും പുകഴ്ത്തിപ്പറഞ്ഞു.

നിരവധി തവണ എംഎൽഎയും മന്ത്രിയുമായ പോച്ചാറാം ശ്രീനിവാസ റെഡ്ഢി തെലങ്കാനയിലെത്തന്നെ മുതിർന്ന രാഷ്ട്രീയനേതാക്കളിൽ ഒരാളാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ടിഡിപിയിലേക്ക് മാറുകയും ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ മന്ത്രിപദവികൾ വഹിക്കുകയും ചെയ്തു. പിന്നീട് തെലങ്കാന രാഷ്ട്ര സമിതിയുടെ (ഇന്നത്തെ ബിആർഎസ്) തെലങ്കാന രൂപീകരണ പ്രസ്ഥാനത്തില് ആകൃഷ്ടനായി ടിആർഎസിൽ ചേരുകയായിരുന്നു. ആദ്യ ടിആർഎസ് മന്ത്രിസഭയിലെ കാർഷിക വകുപ്പ് മന്ത്രിയും രണ്ടാം ടിആർഎസ് മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു അദ്ദേഹം.

പോച്ചാറാം ശ്രീനിവാസ റെഡ്ഢിയും കോൺഗ്രസിലേക്ക് പോകുന്നതോടെ സമീപകാലത്ത് ബിആർഎസിൽ നിന്ന് നാലാമത്തെ എംഎൽഎയാണ് കോൺഗ്രസിൽ ചേരുന്നത്. മുൻപ് ദനം നാഗേന്ദർ, ടെല്ലം വെങ്കട് റാവു, കടിയം ശ്രീഹരി എന്നീ ബിആർഎസ് എംഎൽഎമാർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് കൂറുമാറിയിരുന്നു.

dot image
To advertise here,contact us
dot image