ബെംഗളൂരു: നടൻ ദർശൻ ഉൾപ്പെട്ട കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രേണുക സ്വാമി ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് നടി പവിത്ര ഗൗഡയും നോക്കിനിന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രേണുക സ്വാമിയെ ഷോക്കടിപ്പിക്കുമ്പോളും കമ്പും വടികളും കൊണ്ട് അക്രമിക്കുമ്പോളുമെല്ലാം പവിത്ര ഗൗഡ സ്ഥലത്തുണ്ടായിരുന്നതായാണ് കണ്ടെത്തൽ. പിന്നീട് അവർ അവിടെനിന്ന് മാറിയെന്നും രേണുകയുടെ മരണം നടന്നത് അതിന് ശേഷമാണെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ദർശനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ ശരീരത്തിൽ 15 മുറിവുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേണുക സ്വാമിയുടെ തല മിനി ട്രക്കിൽ ഇടിച്ചതായും പറയുന്നുണ്ട്. ബെംഗളൂരുവിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു മിനി ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ പീഡിപ്പിക്കാൻ ഉപയോഗിച്ച മരത്തടികൾ, ലെതർ ബെൽറ്റ്, കയർ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
രേണുക സ്വാമിയെ ചിത്രദുർഗയിൽ നിന്ന് 200 കിലോമീറ്റർ അകലെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ രവി എന്ന ഡ്രൈവറും പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. രേണുകാ സ്വാമിയെ ബെംഗളുരുവിലെത്തിക്കാൻ ടാക്സി ഒരുക്കിയ രഘു എന്ന രാഘവേന്ദ്രയാണ് കേസിലെ മറ്റൊരു പ്രതി. എല്ലാ പ്രതികളും രവിയുടെ വാഹനത്തിലാണ് ചിത്രദുർഗയിൽ നിന്ന് ബെംഗളുരുവിലെത്തതിയത്. ഇവരെ ബെംഗളൂരുവിലെത്തിച്ച ശേഷം രവി ഒളിവിൽ പോയിരുന്നു. പിന്നീട് ചിത്രദുർഗയിലെ ടാക്സി അസോസിയേഷനുമായി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം കീഴടങ്ങുകയുമായിരുന്നു. ദർശനും പവിത്രയ്ക്കും പുറമെ 11 പേർ കേസിൽ പൊലീസ് കസ്റ്റഡിയിലാണ്. ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസിന്റെ ഓഫീസിലെത്തിയാണ് ഡ്രൈവർ രവി കീഴടങ്ങിയത്.
രേണുക സ്വാമിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ചിത്രദുർഗയിലെ തൻ്റെ ഫാൻസ് ക്ലബ്ബിൻ്റെ കൺവീനറായ രഘുവിനെ ദർശൻ നിയോഗിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ്, രേണുക സ്വാമിയെ ക്രൂരമായ മർദ്ദിച്ചതായും പൊലീസ് പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ദര്ശന്റെ പേര് പുറത്തുവന്നത്.