ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന് പരാജയം വിലയിരുത്തുന്നതിന് വേണ്ടി ബിഎസ്പി ദേശീയ യോഗം ഞായറാഴ്ച ചേരാനിരിക്കേ അനന്തരവന് ആകാശ് ആനന്ദിനെ മടക്കികൊണ്ടുവന്ന് മായാവതി. ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളില് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ താരപ്രചാരകനായാണ് ആകാശിനെ പാര്ട്ടി ഉത്തരവാദിത്വങ്ങളിലേക്ക് വീണ്ടും എത്തിച്ചത്.
ബിഎസ്പി ദേശീയ കോ-ഓര്ഡിനേറ്ററായിരുന്നു ആകാശ്. എന്നാല് ലോക്സഭാ തിരഞ്ഞെടുപ്പ പ്രചരണത്തിനിടെ സിതാപുരില് നടത്തിയ ബിജെപിക്കെതിരെ നടത്തിയ കടുത്ത പരാമര്ശത്തെ തുടര്ന്ന് ജില്ലാ ഭരണകൂടം കേസെടുത്തിരുന്നു. ഇതിനെ തുടര്ന്ന് ദേശീയ കോ-ഓര്ഡിനേറ്റര് സ്ഥാനത്ത് നിന്ന് ആകാശിനെ മായാവതി നീക്കുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്ന്നാണ് ആകാശിന് വീണ്ടും ഉത്തരവാദിത്തം നല്കിയിരിക്കുന്നത്. ആകാശിനെ സ്ഥാനത്ത് നിന്ന് നീക്കിയത് പാര്ട്ടി കേഡറുകള്ക്കും വോട്ടര്മാര്ക്കും മോശം സന്ദേശമാണ് നല്കിയതെന്ന് ഒരു മുതിര്ന്ന ബിഎസ്പി നേതാവ് പറഞ്ഞു. ആകാശ് പ്രചരണത്തിന് നേതൃത്വം നല്കിയ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് വരെയുള്ള 26 സീറ്റുകളില് 19ലും 50000ത്തിലധികം വോട്ടുകള് ലഭിച്ചു. ഇതില് ആറ് സീറ്റുകളില് ഒരു ലക്ഷത്തിന് മുകളില് വോട്ട് ലഭിച്ചു. ആകാശിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത് മൂന്നാം ഘട്ടത്തിന് ശേഷമാണ്. പിന്നീടുള്ള ഘട്ടങ്ങളിലായി നടന്ന 64 സീറ്റുകളില് 25ല് മാത്രമാണ് 50,000 വോട്ടുകള് സ്വന്തമാക്കാനായതെന്നും അദ്ദേഹം പറഞ്ഞു.
ആസാദ് സമാജ് പാര്ട്ടി നേതാവും നാഗിനയില് നിന്ന് ഇക്കുറി എംപിയുമായ ചന്ദ്രശേഖര് ആസാദിന്റെ വളരുന്ന സ്വീകാര്യതയും തടയണമെങ്കില് ആകാശിനെ മടക്കികൊണ്ടുവന്നേ മതിയാവൂ എന്ന് പാര്ട്ടി വൃത്തങ്ങള് മായാവതിയോട് ആവശ്യപ്പെട്ടിരുന്നു. ആകാശിനെ ദേശീയ കോ-ഓര്ഡിനേറ്റര് ആക്കുകയാണെങ്കില് യുവജനങ്ങളെ പാര്ട്ടിയുമായി അടുപ്പിക്കാന് കഴിയുമെന്നും നേതാക്കള് നിര്ദേശിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് ആകാശിനെ താരപ്രചാരകനായി പ്രഖ്യാപിച്ചതെന്നാണ് കരുതുന്നത്. ഞായറാഴ്ച നടക്കുന്ന യോഗത്തിന് ശേഷം ആകാശിന് കൂടുതല് ഉത്തരവാദിത്തങ്ങള് നല്കുമെന്നുമാണ് വിവരം.