ചെന്നൈ: തമിഴ്നാടിനെ നടുക്കിയ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വിഷമദ്യം കുടിച്ചവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന്. അറസ്റ്റിലായ ഗോവിന്ദരാജൻ്റെ കടയിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലുണ്ടായിരുന്നുവെന്നും അറിയാതെ കുടിച്ചെന്നും കരുണാപുരം സ്വദേശിയായ യുവാവ് പറഞ്ഞു. ഇയാളുടെ അമ്മ വിഷമദ്യം കഴിച്ച് മരണപ്പെട്ടിരുന്നു. ബന്ധുകളിൽ ചിലർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് യുവാവ് കരുണാപുരത്ത് എത്തിയത്. വീട്ടിൽവെച്ച് ബന്ധുക്കൾ വാങ്ങിവെച്ച രണ്ട് മദ്യപാക്കറ്റുകൾ കാണുകയും അറിയാതെ കുടിക്കുകയായിരുന്നു എന്ന് യുവാവ് പറഞ്ഞു. തുടർന്ന് ഇന്നലെ വൈകിട്ടോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. യുവാവിനെ ആരോഗ്യ പ്രവർത്തകർ എത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ 190 ഓളം ആളുകളാണ് കള്ളാക്കുറിച്ചി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. കള്ളാക്കുറിച്ചിയിലുള്ള കരുണാപുരം കോളനിയിൽ നിന്ന് മാത്രം വിഷമദ്യ ദുരന്തത്തിൽ നഷ്ടമായത് നിരവധി പേരുടെ ജീവനാണ്. മദ്യത്തിൽ മെഥനോൾ അടങ്ങിയിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കൾ പറയുന്നത്.
19-ാം തീയതി വൈകുന്നേരമാണ് മദ്യം വാങ്ങി കഴിച്ചത്. പിന്നാലെ പലരീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചിൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയിൽ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതൽ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജമദ്യം കഴിച്ചാണ് ഇത്തരത്തിൽ ദുരന്തം ഉണ്ടായതെന്ന് അധികൃതർക്കും ബന്ധുക്കൾക്കും മനസിലായത്.