വയനാട്: വയനാട് തൻ്റെ കുടുംബമെന്നും വയനാട് നൽകിയ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല എന്നും രാഹുൽ ഗാന്ധി. വയനാട്ടിലെ ജനങ്ങൾക്ക് അയച്ച കത്തിലാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റിൽ വയനാടിൻ്റെ ശബ്ദമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്, വയനാടിനെ പാർലമെന്റിൽ പ്രതിനിധീകരിക്കാൻ ഇനി തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും. എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ട്. നിങ്ങൾ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്നും രാഹുൽ കത്തിൽ കൂട്ടിചേർത്തു.
ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച രാഹുൽ ഗാന്ധി നേരത്തെ വയനാട് മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെക്കാനും റായ്ബറേലി നിലനിർത്താനും തീരുമാനിച്ചിരുന്നു. വയനാടിന് സന്തോഷം നൽകുന്ന തീരുമാനമെന്ന നിലയിൽ പ്രിയങ്ക ഗാന്ധിയെ പകരം മത്സരിപ്പിക്കുവാനും തീരുമാനമായിരുന്നു. റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരു മണ്ഡലങ്ങളില്‍ ഏത് നിലനിർത്തും ഏത് ഉപേക്ഷിക്കുമെന്ന ദിവസങ്ങൾ നീണ്ട ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് രാഹുൽ വയനാട് മണ്ഡലത്തിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. 2019ൽ അമേത്തിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ച രാഹുൽ അമേത്തിയിൽ പരാജയമറിയുകയും വയനാട്ടിൽ നിന്ന് നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിൽ വിജയിക്കുകയുമായിരുന്നു.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുകയാണെന്ന് തീരുമാനത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ സ്മരിക്കും. വയനാടിന് നല്കിയ ഉറപ്പുകള്‍ പാലിക്കും. റായ്ബറേലിയുമായുള്ളത് വര്‍ഷങ്ങളായുള്ള ബന്ധമാണ്. തീരുമാനം എടുക്കുന്നത് ദുഷ്കരമായിരുന്നുവെന്നും രാഹുല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞു. ദുഷ്കരമായകാലത്ത് തനിക്കൊപ്പം നിന്നവരാണ് വയനാട്ടുകാര്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഇതോടെ രണ്ട് പ്രതിനിധികള്‍ ഉണ്ടാവും. താനും പ്രിയങ്കയുമാണ് അത്. തന്റെ വാതിലുകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കായി എന്നും തുറന്നുകിടക്കുമെന്നും രാഹുൽ അന്ന് ഉറപ്പ് നൽകിയിരുന്നു.
രാഹുൽ ഗാന്ധി രാജിവച്ചു; ഇനി വയനാടിന്റെ എംപിയല്ല