മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാർ നയിക്കുന്ന എൻസിപി, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഖാഡിയുമായി സഖ്യചർച്ചകളിൽ ഏർപ്പെടാൻ സാധ്യതയെന്ന് സൂചന. പാർട്ടി വക്താവ് അമോൽ മിത്കാരിയാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്ന പേരിൽ ഇക്കാര്യം സൂചിപ്പിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ അജിത് പവാർ പക്ഷ എൻസിപിയെ വിമർശിച്ചുകൊണ്ട് ആർഎസ്എസ് അടക്കം രംഗത്തുവന്നതിന് പിന്നാലെയാണ് അമോൽ മിത്കാരിയുടെ അഭിപ്രായപ്രകടനം. 'പ്രകാശ് അംബേദ്കറെ പോലയുള്ള വലിയൊരു രാഷ്ട്രീയനേതാവുമായി അജിത് പവാർ സഖ്യത്തിലേർപ്പെട്ടാൽ അത് ഗുണകരമാകുമെന്നാണ് എന്റെ വിലയിരുത്തൽ. അവർക്ക് ഒരുമിച്ച് മഹാരാഷ്ട്രയ്ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും'; അമോൽ മിത്കാരി പറഞ്ഞു.
എന്നാൽ സഖ്യസാധ്യതയെ വിബിഎ പാർട്ടി വക്താക്കൾ തള്ളി. ഇത്തരമൊരു സഖ്യം തങ്ങൾക്ക് ചിന്തിക്കാനേ സാധ്യമല്ലെന്ന് പറഞ്ഞ പാർട്ടി, വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പറഞ്ഞു. നിലവിൽ ബിജെപിയും ശിവസേനയും ഉള്ള മഹായുതി സഖ്യത്തിലാണ് അജിത് പവാർ എൻസിപി സഖ്യം. ആകെ ഒരു എംപി മാത്രമുള്ള പാർട്ടി സഖ്യത്തിനുള്ളിൽ വിലപേശൽ ശേഷി പോലുമില്ലാതെ വലയുകയാണ്. അതിനിടെയാണ് ബിജെപിക്ക് തന്നെ നാണക്കേടാണ് അജിത് പവാർ എൻസിപിയെന്ന തരത്തിലുള്ള ആർഎസ്എസ് വിമർശനവും എത്തിയത്.