ഗുവാഹത്തി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബംഗ്ലാദേശ് വംശജരായ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ വൻതോതിൽ കോൺഗ്രസിന് വോട്ട് മറിച്ച് നൽകി എന്ന ആരോപണവുമായി അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ വികസന പ്രവർത്തനങ്ങൾ പരിഗണിക്കാതെയാണ് ഇക്കൂട്ടർ ഇത്തവണ വോട്ടവകാശം വിനിയോഗിച്ചത് എന്നും ഹിമന്ത ബിശ്വ വിമർശിച്ചു. അസമിൽ ജനങ്ങൾക്കിടയിൽ വർഗീയത വളർത്തുന്ന ഒരേയൊരു സമുദായമാണ് ഇത് എന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് ബിജെപിയുടെയും സഖ്യകക്ഷികളുടെയും വിജയിച്ച സ്ഥാനാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് അദ്ദേഹം വിവാദ പരാമർശങ്ങൾ നടത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 47 ശതമാനം വോട്ട് വിഹിതം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. 39 ശതമാനം മാത്രമാണ് കോൺഗ്രസിനും അവരുടെ സഖ്യകക്ഷികൾക്കും നേടാനായത്. ചില പ്രത്യേക ന്യൂനപക്ഷ വിഭാഗമാണ് കോൺഗ്രസിന് വോട്ട് മറിച്ചത്. 'അവർ മോദി നൽകിയ വീടുകളിൽ താമസിക്കുന്നു, മോദി നൽകിയ വൈദ്യുതിയും ശുചിത്വ സൗകര്യങ്ങളും ഉപയോഗിക്കുന്നു, പക്ഷേ വോട്ട് ചെയ്യാൻ പോകുമ്പോൾ അവർ കോൺഗ്രസിന് വോട്ട് ചെയ്യുന്നു'. ബിശ്വ ശർമ വിമർശിച്ചു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 126 നിയമസഭാ മണ്ഡലങ്ങളിൽ 92ലും ബിജെപി ഭൂരിപക്ഷം നേടിയെന്നും 2026 തിരഞ്ഞെടുപ്പിൽ 50 ശതമാനമായി പാർട്ടിയുടെ വോട്ട് വിഹിതം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളിൽ 11 ലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമാണ് ഇത്തവണ വിജയിച്ചത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സഖ്യ കക്ഷികൾക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായിരുന്നത്.