ഹൈദരാബാദ്: തെലങ്കാനയിലെ നാഗർകുർണൂലിൽ മോഷണക്കുറ്റം ആരോപിച്ച് ഗോത്രവനിതയ്ക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണ. വനിതയെ കൂട്ടം ചേർന്ന് മർദ്ദിച്ച ആള്ക്കൂട്ടം മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലുമടക്കം മുളക് പൊടി പ്രയോഗിച്ചു.
ജൂൺ ആദ്യമാണ് സംഭവം നടന്നത്. രണ്ട് തവണയായാണ് ഗോത്രവിഭാത്തിൽപ്പെട്ട ഗോത്ര വനിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ ഇരയുടെ സഹോദരിയും സഹോദരിയുടെ ഭർത്താവുമടക്കം നാല് പേരാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടിൽനിന്നും പണം മോഷ്ടിച്ച് മുങ്ങിയെന്നാരോപിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിനിടെ യുവതിയുടെ മുഖത്തും കണ്ണിലും സ്വാകാര്യ ഭാഗങ്ങളിലുമടക്കം ഇവർ മുളകുപൊടി പ്രയോഗിച്ചു.
എന്നാൽ അതോടെ മർദ്ദനം അവസാനിച്ചില്ലെന്ന് യുവതി ആരോപിക്കുന്നു. മറ്റൊരു ദിവസം വീണ്ടും അവർ കൂട്ടമായി തന്നെ മർദിച്ചെന്നും സാരിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് ആരോപണം. ഈ സംഭവത്തിൽ യുവതിക്ക് പൊള്ളലേറ്റിട്ടുണ്ട്.
എന്നാൽ യുവതി കൃത്യമായി ജോലിക്കെത്താത്തതാണ് അക്രമത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജൂൺ ആദ്യവാരത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്.