ഏത് മടയിൽ നിന്നും ചോദ്യപേപ്പർ ചോർത്തും, ലക്ഷങ്ങൾ നൽകിയാൽ ജയം ഗ്യാരന്റി; ഇവർ 'സോൾവർ ഗാങ്'

ഏത് ചോദ്യപ്പേപ്പറുകളും പുഷ്പം പോലെ ചോർത്തിത്തരുന്ന, ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസധാരികളായ യുവാക്കളുള്ള, സോൾവർ ഗാങ് എന്ന വലിയൊരു നെറ്റ്വർക്കാണ് രാജ്യമാകെ ഞെട്ടിയ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ...

dot image

'ചോദ്യപ്പേപ്പർ തലേദിവസം തന്നെ ഞങ്ങളുടെ കയ്യിൽ കിട്ടി. അതിലുള്ളത് മാത്രം പഠിച്ചാണ് പരീക്ഷയ്ക്ക് പോയത്. അതിലുണ്ടായിരുന്നത് മാത്രമേ വന്നുള്ളൂ'- നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണ സംഘം ബിഹാറിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഒരു വിദ്യാർത്ഥിയുടെ വാക്കുകളാണിത്. രാവും പകലുമെന്നില്ലാതെ, ഊണും ഉറക്കവുമില്ലാതെ, ഡോക്ടറാകുക എന്ന ഒറ്റ ലക്ഷ്യം മാത്രം മനസ്സിൽ കണ്ടുകൊണ്ട്, കഷ്ടപ്പെട്ട് പഠിക്കുന്ന അനേകം വിദ്യാർഥികളുള്ള നമ്മുടെ സിസ്റ്റത്തിന്റെ നെഞ്ചിൻകൂടിലാണ് ഈ വിദ്യാർത്ഥിയുടെ വാക്കുകൾ വന്നു തറയ്ക്കുന്നത്. യാതൊരു അധ്വാനവുമില്ലാതെയും, ലക്ഷങ്ങൾ വാരിയെറിഞ്ഞും, മറ്റ് വിദ്യാർത്ഥികളെയെല്ലാം നോക്കുകുത്തികളാക്കി സംഘടിപ്പിച്ചെടുക്കുന്ന ഈ ജയത്തിന് പിന്നിൽ ഒരു വിദ്യാർത്ഥി മാത്രമായിരുന്നോ? അല്ല ! ഏത് ചോദ്യപ്പേപ്പറുകളും പുഷ്പം പോലെ ചോർത്തിത്തരുന്ന, ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസധാരികളായ യുവാക്കളുള്ള, സോൾവർ ഗാങ് എന്ന വലിയൊരു നെറ്റ്വർക്കാണ് രാജ്യമാകെ ഞെട്ടിയ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവര്ത്തിച്ചത്.

എന്താണ് സോൾവർ ഗാങ്?

ഏത് തരം പരീക്ഷാ ക്രമക്കേടുകളും പുഷ്പം പോലെ ചെയ്തുകൊടുക്കുന്ന ഒരു വലിയ നെറ്റ്വർക്കാണ് സോൾവർ ഗാങ്. ഏത് പരീക്ഷയുടെ ചോദ്യപ്പേപ്പറുകളും പരീക്ഷയ്ക്ക് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ ചോർത്തിയെടുക്കാനുള്ള ശേഷിയും അതിനുള്ള ആൾബലവും ഇവർക്കുണ്ട്. അതിന് വിലയായി ലക്ഷങ്ങൾ നൽകണമെന്ന് മാത്രം. ഒരുതരത്തിൽ പറഞ്ഞാൽ ലക്ഷങ്ങൾ നൽകാൻ തയ്യാറുള്ള ഏതൊരു വിദ്യാർത്ഥിക്കും ജയം ഗ്യാരന്റി എന്നതാണ് ഇവരുടെ ആപ്തവാക്യം. എക്സാം ഉദ്യോഗസ്ഥർ തൊട്ട് ഓഫീസിലെ പ്യൂൺ വരെ, എന്തിന് അതിന് പുറത്തുള്ള അധികാരക്കൈകളിലേക്ക് വരെ നീളും ഇവരുടെ സ്വാധീനം.

ചോദ്യപേപ്പർ ചോർച്ച മാത്രമല്ല, ആൾമാറാട്ടവും സോൾവർ ഗ്യാങ്ങിന്റെ 'സർവീസു'കളിൽ ഒന്നാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു വിദ്യാർത്ഥിക്ക് പകരം സോൾവർ ഗ്യാങിലെ ഒരു അംഗം പരീക്ഷയെഴുതും. പിടിക്കപ്പെടാതിരിക്കാനുള്ള പരമാവധി മുൻകരുതലുകൾ എടുത്ത ശേഷമാകും ഇവർ പരീക്ഷയ്ക്കെത്തുക. ഇതിനും ലക്ഷങ്ങളാകും ഫീസായി ഇവർ ഈടാക്കുക.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രവി അത്രി എന്നയാളെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സോൾവർ ഗാങ് നെറ്റ് വർക്കിലെ ഒരു പ്രധാനപ്പെട്ട കണ്ണിയായ ഇയാളാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നും പൊലീസ് കണ്ടത്തിയിരുന്നു.

ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടുന്ന സമാനമായ കേസിൽ രവി അത്രി 2012ലും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. നീറ്റ് പരീക്ഷ പാസായി, ഡോക്ടർ പഠനം തുടരുന്നതിനിടെ എക്സാം മാഫിയയുടെ വലയിൽ അകപ്പെട്ടതാണ് രവി അത്രിയുടെ പൂർവകാല ചരിത്രം. അവിടെനിന്ന് സോൾവർ ഗ്യാങ്ങിന്റെ പ്രധാനപ്പെട്ട ഒരു മുഖമായി മാറുകയായിരുന്നു രവി അത്രി.

ഇതുവരെ പിടിയിലായതെല്ലാം 'തല'കൾ

രവി അത്രി പിടിയിലായിട്ടും പൊലീസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. സോൾവർ ഗ്യാങ്ങിന്റെ മറ്റൊരു പ്രധാനപ്പെട്ട അംഗമായ സഞ്ജീവ് മുഖിയക്ക് വേണ്ടിയുള്ള തെരച്ചില് തുടരുകയാണ്. ഉന്നത രാഷ്ട്രീയനേതൃത്വങ്ങളിൽ പിടിപാടുള്ളയാൾ കൂടിയാണ് സഞ്ജീവ്. ഡോക്ടർ കൂടിയായ സജീവിന്റെ മകൻ സമാനമായ ഒരു ചോദ്യപ്പേപ്പർ ചോർച്ചയിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലാണ്. ഇരുവരും ചേർന്ന് വലിയൊരു നെറ്റ് വർക്ക് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സഞ്ജീവ് കൂടി പിടിയിലാകുന്നതോടെ ചോർച്ചയുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ക്രമക്കേടുകൾ സാധാരണമാകുന്ന ബിഹാർ

പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുക എന്നത് രാജ്യത്ത് ഇതാദ്യമായല്ല. ബിഹാറിൽ പ്രത്യേകിച്ചും ! നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച പുറത്തുവരുന്നതിനും ദിവസങ്ങൾക്ക് മുൻപ് IGNOU പരീക്ഷയിലെ കൂട്ട കോപ്പിയടിയും ക്രമക്കേടുകളും കാണിച്ചുകൊണ്ടുള്ള ഒരു വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. പരീക്ഷാ ഹാളിൽ, ഉദ്യോഗസ്ഥർക്ക് മുൻപാകെയായിരുന്നു ഈ ക്രമക്കേട് നടന്നതെന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം ! അതിൽ പല ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയാണ് കോപ്പിയടിക്ക് കൂട്ടുനിന്നതെന്നുള്ള വിവരങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.

2015ൽ ഉണ്ടായ സമാന സംഭവവും വലിയ രാജ്യശ്രദ്ധയാകർഷിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതുന്ന കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങൾ രാജ്യാന്തര തലത്തിൽ തന്നെ ബീഹാറിന്റെ വിദ്യാഭ്യാസ വ്യവസ്ഥിതിയുടെ അവസ്ഥ എത്ര മോശമെന്ന് ചൂണ്ടിക്കാണിക്കുന്നവയായിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിക്ക് പോലും തനിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് കയ്യൊഴിയേണ്ടിവന്നു. ഇത്തരത്തിൽ എല്ലാ വർഷവും പരീക്ഷകൾ എളുപ്പത്തിൽ പാസാകാനുള്ള 'പൊടിക്കൈ' പ്രയോഗങ്ങൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാകാറുണ്ട്.

വിദ്യാർത്ഥികളിൽ മാത്രമല്ല ഈ പ്രവണതയുള്ളത് എന്നതാണ് നമ്മെ ഞെട്ടിക്കുക. 2023ലെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കേണ്ടിവന്നത് യുവാക്കളായ ഉദ്യോഗാർത്ഥികൾ നടത്തിയ കോപ്പിയടിയും ക്രമക്കേടുകളും മൂലമാണ്. ഇത്തരത്തിൽ പ്രായഭേദമന്യേ പരീക്ഷകളിൽ ക്രമക്കേടുകൾ നടക്കുന്നത് അധികൃതരെ എന്നും അസ്വസ്ഥപ്പെടുത്തുന്ന ഒരു കാര്യമായി മാറിക്കഴിഞ്ഞു.

രാജ്യത്തെത്തന്നെ ഏറ്റവും മോശം വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. വിദ്യാർത്ഥികളെ സ്കൂളുകളിലേക്കും കോളേജുകളിലേക്കും ആകർഷിക്കാൻ വിവിധ പദ്ധതികൾ ഉണ്ടെങ്കിലും അവ ഒന്ന് പോലും ലക്ഷ്യം കാണുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കിയാൽ സ്കൂളുകളിലും കോളേജുകളിലും അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ബിഹാറിൽ വളരെ കുറവാണെന്ന് മനസിലാകും. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ എന്നും ഇവിടെ ഓർക്കേണ്ടതുണ്ട്. ഇത്തരത്തിൽ കടുത്ത വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നിൽക്കുന്ന സംസ്ഥാനത്തിൽ എളുപ്പത്തിൽ ജയിച്ചുകയറാൻ വിദ്യാർത്ഥികൾക്ക് കോപ്പിയടിയും ക്രമക്കേടുകളും അല്ലാതെ മറ്റൊരു സാധ്യതയുമില്ല എന്നതാണ് പല സംഭവങ്ങളും സൂചിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image