Jan 23, 2025
11:17 AM
ന്യൂഡൽഹി: പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം പിൻമാറി. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.
പ്രോ ടേം സ്പീക്കര് പദവി നല്കാത്തതിലൂടെ അര്ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില് സുരേഷ് മുൻപ് പറഞ്ഞിരുന്നു. വിഷയത്തിൽ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. തന്നേക്കാള് ജൂനിയറായ ഒരാളെ നിര്ത്തിയാണ് ഒഴിവാക്കല്. അതിനെ വിശദീകരിക്കേണ്ടത് കേന്ദ്രസര്ക്കാരാണെന്നും കൊടിക്കുന്നില് സുരേഷ് റിപ്പോര്ട്ടര് ടിവിയോട് പറഞ്ഞു ഈ ഘട്ടത്തില് കേരളത്തിലെ കോണ്ഗ്രസില് നിന്നും എഐസിസിയില് നിന്നും മികച്ച പിന്തുണ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ദളിത് ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്ന നിലപാടാണ് കഴിഞ്ഞ പത്ത് വര്ഷമായി മോദി സര്ക്കാര് സ്വീകരിച്ചത്. ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയില് ബിജെപിയില് നിന്നും രണ്ട് പേരാണുള്ളത്. എന്നാല് കോണ്ഗ്രസ് അധികാരത്തിലുള്ളപ്പോള് ആഭ്യന്തരം ഉള്പ്പെടെ പ്രധാനപ്പെട്ട വകുപ്പുകളില് ദളിത് ആദിവാസി വിഭാഗങ്ങളില് നിന്നുള്ളവരുണ്ടായിരുന്നു. നിലവിലെ മന്ത്രി സഭയില് ദളിത് ആദിവാസി പ്രാതിനിധ്യം വളരെ ചെറുതാണ്. ജാതി അധിക്ഷേപം ഉണ്ടായോ എന്ന് വിലയിരുത്തേണ്ടത് പൊതുജനമാണ്. അര്ഹതപ്പെട്ട അവസരമാണ് നിഷേധിച്ചത്. വിഷമമുണ്ടാകാതിരിക്കില്ല. ബിജെപിയുടെ നടപടിയോട് വിയോജിപ്പുള്ള എല്ലാവര്ക്കും വിഷമമുണ്ട്', എന്നും കൊടിക്കുന്നില് പറഞ്ഞിരുന്നു.