ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മോദി; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞക്കിടെ പ്രതിപക്ഷ ബഹളം

കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി

dot image

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടായി.

കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലിൽ ഉള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല. അവർ സംസ്ഥാനങ്ങളിലെ എംപി മാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതിന് ജനങ്ങളോട് നന്ദിയും പറഞ്ഞു. മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് താൻ അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യം കൂടുതൽ ശക്തമാണ്. ഇനി ആരും അവയെ തകർക്കില്ല. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവർ പാർലമെന്റിൽ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിനെട്ടാം ലോക്സഭയിലേക്ക് കാലെടുത്തുവെക്കുന്നതിനാൽ പുരാണങ്ങളും ഭഗവദ്ഗീതയും ഉയർത്തിക്കാട്ടി മോദി 18ൻ്റെ പ്രധാന്യം എടുത്തുപറയുകയും ചെയ്തു. പ്രസംഗത്തിനിടെ അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും പരാമർശമുണ്ടായി. ജനാധിപത്യത്തിൻ്റെ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അടിയന്തിരാവസ്ഥയുടെ സമയത്ത് ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നാൽ താൻ ഭരണഘടനാ തത്വങ്ങൾ പിന്തുടരും. നാളെ അടിയന്തിരാവസ്ഥയുടെ വാർഷിക ദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ പ്രതിപക്ഷവും പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ മോദിയെ വിറപ്പിക്കാൻ ആവുന്ന ആയുധങ്ങളെല്ലാം ആവനാഴിയിൽ നിറച്ചായിരിക്കും രാഹുലിന്റെയും സംഘത്തിന്റെയും വരവ്. പഴയ സംഖ്യയല്ല ഇപ്പോൾ തങ്ങളെന്ന ആത്മവിശ്വാസവും പ്രതിപക്ഷത്തിനുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us