ഭുവനേശ്വർ: പാർലമെന്റിൽ ഇനി ബിജെപിക്ക് പിന്തുണയില്ലെന്ന് അറിയിച്ച് ബിജു ജനതാദൾ. രാജ്യസഭയിൽ ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ബിജെഡി അറിയിച്ചു. രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണ ഇൻഡ്യ സഖ്യത്തിന് ലഭിക്കാൻ കോണ്ഗ്രസ് നീക്കങ്ങളാരംഭിച്ചതായാണ് സൂചന. ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ സാധാരണക്കാരുടെയും താൽപര്യങ്ങള്ക്കായി പ്രവർത്തിക്കണമെന്നാണ് എംപിമാർക്ക് ബിജെഡി പ്രസിഡന്റ് നവീൻ പട്നായിക് നിർദേശം നൽകിയിരിക്കുന്നത്. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്സഭയിൽ ഇക്കുറി ബിജെഡിക്ക് പ്രാതിനിധ്യമില്ല. ഒഡീഷയിൽ വലിയ പരാജയമാണ് നവീൻ പട്നായിക് ഏറ്റുവാങ്ങിയത്. 24 വർഷത്തെ ബിജെഡി ഭരണം ബിജെപി പിടിച്ചെടുത്തിരുന്നു. ഒപ്പം ലോക്സഭയിൽ ഒരു സീറ്റിൽ പോലും വിജയിക്കാനും ബിജെഡിക്ക് ആയില്ല. നേരത്തെ പാർലമെന്റിൽ ബിജെഡിയുടെ പിന്തുണ ബിജെപിക്കായിരുന്നു. 21 ലോക്സഭാ സീറ്റിൽ 20 സീറ്റിലും ബിജെപിയാണ് ജയിച്ചത്. ഒരു കോൺഗ്രസ് സ്ഥാനാർത്ഥിയും ഒഡീഷയിൽ നിന്ന് ലോക്സഭയിലേക്ക് ജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യസഭയിൽ ബിജെഡിയുടെ പിന്തുണയ്ക്കായി ഇൻഡ്യ മുന്നണി ശ്രമിക്കുന്നത്.
ബിജെഡി കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ വിഷയങ്ങളിൽ പാർലമെൻ്റിൽ ബിജെപിയെ പിന്തുണക്കുക മാത്രമല്ല, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ 2019ലും 2024ലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. 1998 മുതൽ 2009വരെ ബിജെപിയുടെ സഖ്യകക്ഷിയുമായിരുന്നു. എന്നാൽ ഇത്തവണ പട്നായികിനെതിരെ ശക്തമായ ആരോപണങ്ങളോടെയാണ് ബിജെപി സംസ്ഥാനത്ത് പ്രചാരണം നടത്തിയതും സംസ്ഥാനം പിടിച്ചെടുത്തതും.
1997ൽ പാർട്ടി സ്ഥാപിച്ചതിന് ശേഷം ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത പട്നായിക് മത്സരിച്ച രണ്ടിൽ ഒരു മണ്ഡലത്തിൽ അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ആകെയുള്ള 146 സീറ്റിൽ 51 സീറ്റിൽ മാത്രമാണ് ബിജെഡിക്ക് വിജയിക്കാനായത്. 2019 ലെ 112 സീറ്റിൽ നിന്നാണ് നേർപകുതിക്കും താഴെയുള്ള അംഗസംഖ്യയിലേയ്ക്ക് ബിജെഡി വീണത്. 23 സീറ്റുണ്ടായിരുന്നിടത്തുനിന്ന് 78 എന്ന വലിയ സംഖ്യയിലേക്ക് ബിജെപി ഉയരുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിനാവശ്യമായ 74 സീറ്റിലധികം നേടി ഒഡീഷയിലും ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് സാധിച്ചു. കഴിഞ്ഞ 24 വർഷത്തെ, തുടർച്ചയായ ബിജെഡി ജൈത്രയാത്രയാണ് ഇതോടെ അവസാനിച്ചത്.
ഇത് പഴയ പ്രതിപക്ഷമല്ല, തുടക്കത്തിലേ മോദിയെ വിറപ്പിച്ചേക്കും; പ്ലാനുകൾ ഇവയെല്ലാം...