പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ പ്രതിപക്ഷവും സടകുടഞ്ഞ് എഴുന്നേൽക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ മോദിയെ വിറപ്പിക്കാൻ ആവുന്ന ആയുധങ്ങളെല്ലാം ആവനാഴിയിൽ നിറച്ചായിരിക്കും രാഹുലിന്റെയും സംഘത്തിന്റെയും വരവ്. പഴയ സംഖ്യയല്ല ഇപ്പോൾ തങ്ങളെന്ന ആത്മവിശ്വാസവും പ്രതിപക്ഷത്തിനുണ്ട്.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള് ഇൻഡ്യ സഖ്യം സഭയിൽ ഉന്നയിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യതയിൽ ചോദ്യച്ചിഹ്നമുയർത്തിയ ഈ സംഭവം രാജ്യത്തിന് തന്നെ തീരാ കളങ്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരു പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേട് മറ്റ് പരീക്ഷകളിലേക്കും പൊടുന്നനെ വ്യാപിച്ചത് ഗൗരവതരമായ കാര്യമാണെന്നും ഇതിന് കേന്ദ്രസർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെ സി വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കൾ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞുള്ള സഭാ ദിനങ്ങളിൽ കനത്ത പ്രതിഷേധം തന്നെ ഉണ്ടായേക്കാം.
കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ പദവിയിൽ നിന്ന് തഴഞ്ഞതും പ്രതിപക്ഷം ആയുധമാക്കിയേക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായായി പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം നിലവിൽ പിൻമാറിയിട്ടുണ്ട്. ഏറ്റവും ആദ്യം ഈ വിഷയമാകും ഉന്നയിച്ചേക്കുക എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവ കൂടാതെ ബംഗാളിലെ ട്രെയിൻ അപകടം, ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങൾ, മണിപ്പൂരിലെ സംഘർഷം എന്നിവയെല്ലാമാണ് പ്രതിപക്ഷത്തിന്റെ പ്ലാനുകളിൽ ഉണ്ടാകുക. മണിപ്പൂർ വിഷയത്തിൽ മോഹൻ ഭാഗവതിന്റെ പ്രസ്താവനയെ ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കാനായിരിക്കും പ്രതിപക്ഷ നീക്കം. ബാലസോറിലെ അപകടത്തിന്ന് ശേഷം നടന്ന ബംഗാൾ ട്രെയിൻ അപകടം രാജ്യത്തെ റെയിൽവെ ശൃംഖലയുടെ സുരക്ഷയിൽ ചോദ്യചിഹ്നങ്ങളുയർത്തിയിട്ടുണ്ട്. കവച് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ എവിടെപ്പോയി എന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചേക്കും. ഇത്തരത്തിൽ എല്ലാ ആയുധങ്ങളുടെയും മൂർച്ച കൂട്ടി, അവയെല്ലാം വേണ്ട വിധം പ്രയോഗിച്ച് കരുത്ത് കാട്ടാൻ തന്നെയാകും പ്രതിപക്ഷ നീക്കം.
പുതിയ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് ലോക്സഭാ സമ്മേളനത്തിന് തുടക്കമാവുന്നത്. എംപിമാര് ഇന്നും നാളെയുമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്ക്കും. പ്രോ ടേം സ്പീക്കര് ഭര്തൃഹരി മെഹ്താബ് ആണ് എംപിമാര്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ബിജെപി എംപി ഭര്തൃഹരി രാവിലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്മ്മുവിന് മുന്നില് പ്രോ ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. എംപിയായി ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. തുടര്ന്ന് കേന്ദ്ര മന്ത്രിമാരുടെയും സഹമന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 280 എംപിമാര് ഇന്നും ബാക്കിയുള്ള 263 എംപിമാര് നാളെയുമാണ് സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തില് നിന്നുള്ള മുഴുവന് എംപി മാരും ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.
ഓരോ സംസ്ഥാനങ്ങളുടെയും അക്ഷരമാല ക്രമത്തിലാകും സത്യപ്രതിജ്ഞ നടക്കുക. കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞാല് കേരളത്തിലെ എംപിമാരില് ആദ്യം രാജ്മോഹന് ഉണ്ണിത്താനും അവസാനം ശശി തരൂരുമാണ് സത്യപ്രതിജ്ഞ ചെയ്യുക. ബുധനാഴ്ചയാണ് സ്പീക്കര് തിരഞ്ഞെടുപ്പ്. നിലവിലെ സ്പീക്കര് ഓം ബിര്ല, ആന്ധ്രയില് നിന്നുള്ള ബിജെപി എംപി പുരന്ധരേശ്വരി എന്നിവരെയാണ് ബിജെപി സ്പീക്കര് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്ഡിഎ ഘടക കക്ഷിയായ ടിഡിപി മത്സരിച്ചാല് പിന്തുണ നല്കാമെന്ന നിലപാടിലാണ് ശിവസേന ഉദ്ധവ് പക്ഷം.