ന്യൂഡല്ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതിന് ജനങ്ങളോട് നന്ദിയും പറഞ്ഞു. മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് താൻ അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജനാധിപത്യം കൂടുതൽ ശക്തമാണ്. ഇനി ആരും അവയെ തകർക്കില്ല. രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവർ പാർലമെന്റിൽ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പതിനെട്ടാം ലോക്സഭയിലേക്ക് കാലെടുത്തുവെക്കുന്നതിനാൽ പുരാണങ്ങളും ഭഗവദ്ഗീതയും ഉയർത്തിക്കാട്ടി മോദി 18ൻ്റെ പ്രധാന്യം എടുത്തുപറയുകയും ചെയ്തു. പ്രസംഗത്തിനിടെ അടിയന്തിരാവസ്ഥ കാലത്തെപ്പറ്റിയും പരാമർശമുണ്ടായി. ജനാധിപത്യത്തിൻ്റെ കറുത്ത ദിനം ഒരിക്കലും മറക്കില്ല. അടിയന്തിരാവസ്ഥയുടെ സമയത്ത് ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെട്ടു. എന്നാൽ താൻ ഭരണഘടനാ തത്വങ്ങൾ പിന്തുടരും. നാളെ അടിയന്തിരാവസ്ഥയുടെ വാർഷിക ദിനം ആഘോഷിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
അതേസമയം, പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ പ്രതിപക്ഷവും പ്രതിഷേധങ്ങളുമായി രംഗത്തെത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. തുടക്കത്തിൽ തന്നെ മോദിയെ വിറപ്പിക്കാൻ ആവുന്ന ആയുധങ്ങളെല്ലാം ആവനാഴിയിൽ നിറച്ചായിരിക്കും രാഹുലിന്റെയും സംഘത്തിന്റെയും വരവ്. പഴയ സംഖ്യയല്ല ഇപ്പോൾ തങ്ങളെന്ന ആത്മവിശ്വാസവും പ്രതിപക്ഷത്തിനുണ്ട്.
നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകള് ഇൻഡ്യ സഖ്യം സഭയിൽ ഉന്നയിച്ചേക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യതയിൽ ചോദ്യച്ചിഹ്നമുയർത്തിയ ഈ സംഭവം രാജ്യത്തിന് തന്നെ തീരാ കളങ്കമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരു പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേട് മറ്റ് പരീക്ഷകളിലേക്കും പൊടുന്നനെ വ്യാപിച്ചത് ഗൗരവതരമായ കാര്യമാണെന്നും ഇതിന് കേന്ദ്രസർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുമെന്നും കെ സി വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കൾ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞുള്ള സഭാ ദിനങ്ങളിൽ കനത്ത പ്രതിഷേധം തന്നെ ഉണ്ടായേക്കാം.
കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കർ പദവിയിൽ നിന്ന് തഴഞ്ഞതും പ്രതിപക്ഷം ആയുധമാക്കിയേക്കും. പ്രതിഷേധത്തിൻ്റെ ഭാഗമായായി പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് ഇൻഡ്യ സഖ്യം നിലവിൽ പിൻമാറിയിട്ടുണ്ട്. ഏറ്റവും ആദ്യം ഈ വിഷയമാകും ഉന്നയിച്ചേക്കുക എന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇൻഡ്യ സഖ്യം ഒറ്റക്കെട്ടായി ഇതിനെതിരെ ശബ്ദമുയർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.